ന്യയോര്‍ക്ക്: ചരിത്ര പ്രാധാന്യമുള്ള ഹാഗിയ സോഫിയയുടെ സാംസ്കാരിക പാരമ്പര്യം തുര്‍ക്കി കാത്തു സൂക്ഷിക്കുമോ എന്നത് ഉറപ്പു വരുത്താന്‍ ഐക്യരാഷ്ട്ര സംഘടനയെ സമീപിക്കുമെന്ന് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപത. ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ സാംസ്കാരിക പൈതൃകം മായ്ച്ചുകളയാനുള്ള മനപൂര്‍വ്വമായ നയങ്ങളാണ് അങ്കാറ സ്വീകരിക്കുന്നതെന്നും ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപത വ്യക്തമാക്കി- എപി റിപ്പോര്‍ട്ട്.
ഹാഗിയ സോഫിയ മുസ്ലീം പള്ളിയായി പരിവര്‍ത്തനം ചെയ്തു കൊണ്ട് ജൂലൈയിലാണ് തുര്‍ക്കി പ്രസിഡന്‍റ് രജബ് ത്വയിബ് എര്‍ദോഗന്‍ ഉത്തരവിട്ടത്. എഡി 532ല്‍ നിര്‍മ്മാണം തുടങ്ങിയ ഹാഗിയ സോഫിയ കത്തീഡ്രല്‍ ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെ ഏറ്റവും വലിയ സൃഷ്‍ടികളിലൊന്നായിരുന്നു. നിരവധി യുദ്ധങ്ങള്‍ക്കും ഭരണമാറ്റങ്ങള്‍ക്കും സാക്ഷിയായ ഹാഗിയ സോഫിയ കാലക്രമത്തില്‍ മുസ്ലീം പള്ളിയും പിന്നീട് മ്യൂസിയവുമായി മാറിയതാണ്.
യുനെസ്‍കോ, റഷ്യ, യുഎസ് തുടങ്ങിയവരുടെ എതിര്‍പ്പ് മറികടന്നാണ് തുര്‍ക്കി ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയായി മാറ്റിയത്. ഹാഗിയ സോഫിയയെ ഒരു മ്യൂസിയമായി തുറന്നിടാമെന്ന് എർദോഗൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലോകമെമ്പാടുമുള്ള മത-മതേതര വാദികള്‍ അദ്ദേഹത്തിന്‍റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.