കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ശൈഖ് സബാ അല്‍ മുഹമ്മദിന്റെ സ്ഥാനത്തേക്ക് ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയെ (82) തെരഞ്ഞെടുത്തു. കുവൈറ്റിന്റെ പതിനാറാമത് ഭരണാധികാരിയായാണ് നവാഫ് അധികാരത്തിലേറുന്നത്.
ശൈഖ് സബാ അല്‍ മുഹമ്മദ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ കിരീടാവകാശിയായിരുന്ന ഇദ്ദേഹത്തിനു നല്‍കിയിരുന്നു.
ചൊവ്വാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ശൈഖ് അല്‍ സബയുടെ അര്‍ദ്ധ സഹോദരനായ ഇദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനവും ദേശീയ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1962 ഹവല്ലി ഗവര്‍ണറായാണ് ശൈഖ് നവാഫ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. 1978ലും 1986-88 എന്നീ വര്‍ഷങ്ങളിലും ആഭ്യന്തര മന്ത്രി സ്ഥാനത്തിരുന്നു. പിന്നീട് പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റു. 1991 ല്‍ സാമൂഹിക മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഇദ്ദേഹം പിന്നീട് 1994 ല്‍ നാഷണല്‍ ഗാര്‍ഡ് മേധാവിയായി.
91 കാരനായ സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 2006 ലാണ് കുവൈറ്റ് അമീര്‍ സ്ഥാനത്തേക്ക് ശൈഖ് സബ തെരഞ്ഞെടുക്കപ്പെടുന്നത്.
1929 ല്‍ ജനിച്ച ശൈഖ് സബ, ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ശില്‍പിയായാണ് കണക്കാക്കപ്പെടുന്നത്. 1963 നും 2003 നും ഇടയില്‍ 40 വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.