യെരേവൻ: മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ അർമേനിയയും അസർബൈജാനും അശാന്തിയുടെ കരിനിഴലിൽ. അയൽ രാഷ്ട്രങ്ങളെങ്കിലും പോരാട്ടത്തിൻ്റെ പാതയിലാണ്. യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് യുഎസ്എസ്ആർ – എന്ന കോൺഫെഡറേഷനിലെ സഹോദര സംസ്ഥാനങ്ങളായിരുന്നവർക്കിടയിലാണ് നിലയ്ക്കാത്ത പോരാട്ടം. ഇരു രാഷ്ട്രങ്ങൾക്കിടയിലെ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമാണ് നാഗൊർനോ-കറാബക്ക് പ്രദേശം. പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കം.
അന്താരാഷ്ട്ര നിയമപ്രകാരം നാഗോർനോ-കറാബാക്ക് അസർബൈജാന്റെ ഭാഗമാണ്. ഭൂരിപക്ഷം പക്ഷേ അർമേനിയൻ വംശജർ. അസർബൈജാന്റെ ഭരണമംഗീകരിക്കാൻ ഭൂരിപക്ഷ അർമേനിയൻ വംശജർ തയ്യാറല്ല. 1990 കളിൽ അസർബൈജാൻ സേനയെ അർമീനിയൻ വംശജർ തുരത്തി. തുടർന്ന് അവർക്ക് അർമേനിയയുടെ പിന്തുണ.
സെപ്തംബർ 27ന് നാഗൊർനോ-കറാബാക്കിൽ കനത്ത ഏറ്റുമുട്ടൽ. ഇത് പക്ഷേ വീണ്ടും സമഗ്ര യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയാണ് അവശേഷിപ്പിച്ചിട്ടുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പിരിമുറുക്കങ്ങളാണിപ്പോൾ യുദ്ധ സമാനാമായൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളത്.
1918 ലാണ് അർമേനിയയും അസർബൈജാനും റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായത്. ഇത്രത്തോളം തന്നെ പഴക്കമുണ്ട് നാഗോർനോ-കറാബാക്കിനെ ചൊല്ലിയുള്ള അർമേനിയ- അസർബൈജാൻ തർക്കം.
1920 കളുടെ തുടക്കത്തിൽ സോവിയറ്റ് ഭരണത്തിൻ കീഴിലായി തെക്കൻ കോക്കസസ്. അർമേനിയൻ ഭൂരിപക്ഷ നാഗോർനോ-കറാബാക്ക് അന്നത്തെ സോവിയറ്റ് റിപ്പബ്ലിക് അസർബൈജാനിൻ്റെ സ്വയംഭരണ പ്രദേശമായി. അതോടെ മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മോസ്കോയുടേതായി.
പതിറ്റാണ്ടുകൾക്ക് ശേഷം സോവിയറ്റ് യൂണിയൻ്റെ അധഃപതനം. അതോടെ നാഗോർനോ-കറാബാക്ക് അസർബൈജാനി സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ വരുമെന്ന് വ്യക്തമായി. അർമേനിയൻ വംശജർ അത് അംഗീകരിയ്ക്കാൻ തയ്യാറാല്ലായിരുന്നു.
1988-ൽ നാഗൊർനോ-കറാബാക്ക് നിയമസഭ അർമേനിയൻ റിപ്പബ്ലിക്കിൽ ലയിക്കുവാൻ തീരുമാനിച്ചു. ഇതംഗീകരിയ്ക്കാൻ അസർബൈജാനി സോവിയറ്റ് സർക്കാരും മോസ്കോയും തയ്യാറായില്ല
1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം യെരേവൻ പിന്തുണയുള്ള അർമേനിയൻ വിഘടനവാദികൾ നാഗൊർനോ-കറാബാക്ക് പിടിച്ചെടുത്തു. അസർബൈജാനിയിലെ ന്യൂനപക്ഷ മേഖലയും അടുത്തുള്ള ഏഴ് അസർബൈജാനി ജില്ലകളും ഒപ്പം പിടിച്ചെടുത്തു. രൂക്ഷമായ പോരാട്ടത്തിൽ 30000 ത്തോളം പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങൾ ഭവനരഹിതരാക്കപ്പെട്ടു.
1994-ൽ അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ കരാർ അംഗീകരിക്കപ്പെട്ടു. തുടർന്നാകട്ടെ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായില്ല. പരിണിതിയെന്നോണം നാഗൊർനോ-കറാബാക്കിലും അസർബൈജാൻ-അർമേനിയ അതിർത്തിയിലും ഇടയ്ക്കിടെ സംഘർഷങ്ങൾ. 2016 ഏപ്രിലിൽ നാഗൊർനോ-കറാബാക്കിലുണ്ടായത് കനത്ത പോരാട്ടം. ഇരുവശത്തുനിന്നും നിരവധി ജീവനുകൾ പൊലിഞ്ഞു.
പോരാട്ടങ്ങൾക്ക് അറുതിയില്ലെന്ന് തെളിയിച്ച് സെപ്തംബർ 27 ന് കണ്ടത് ഏറ്റവും പുതിയ ഏറ്റുമുട്ടൽ. ഇരുഭാഗത്തു നിന്നും സാധാരണക്കാരുൾപ്പെടെയുള്ളവരുടെ ജീവനുകൾ നഷ്ടപ്പെട്ടു. ജൂലൈയിൽ അസർബൈജാൻ-അർമേനിയ അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ഇരുകൂട്ടരുടെയും 17 സൈനികർ കൊല്ലപ്പെട്ടു.
ലോക വിപണികളിലേക്ക് എണ്ണയും വാതകവും കൊണ്ടുപോകുന്ന പൈപ്പ്ലൈനുകളുടെ ഇടനാഴിയാണ് ഈ മേഖല. അതു കൊണ്ടുതന്നെ മേഖലയിൽ സദാ കലാപ കലുഷിതമായ അന്തരീക്ഷം അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തികൊണ്ടേയിരിക്കുന്നു.
അവലംബം: അൽ – ജസീറ