ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ നിലപാടുകളും പ്രസ്താവനകളും ദൗര്‍ഭാഗ്യകരവും അതിശയോക്തി കലര്‍ന്നതും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച ആംനസ്റ്റി ഇന്റർനാഷണലിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രം.
‘ ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിദേശ സംഭാവനകളില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ല. ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിനും ഇത് ബാധകമാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ആംനെസ്റ്റി ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള അനുമതി ലഭിക്കാനുള്ള യോഗ്യത അവര്‍ക്കില്ല. 2000ത്തില്‍ മാത്രമാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന് വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരം അനുമതി ലഭിച്ചത്. എന്നാല്‍ അംഗീകാരം തുടര്‍ന്ന് നേടാന്‍ സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് വ്യക്തമായതോടെ പിന്നീട് വന്ന സര്‍ക്കാരുകളും അത് നിഷേധിച്ചു. ‘ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രസർക്കാറിന്‍റെ ഉപദ്രവം സഹിക്കാനാകാതെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നായിരുന്നു ആംനസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ അവിനാശ് കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
വിദേശത്തു നിന്നും ധനസമാഹരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറെ നാളായി അന്വേഷണം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആംനെസ്റ്റിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സമെന്‍റിന്‍റെ റെയ്ഡും പതിവായിരുന്നു. സെപ്റ്റംബർ പത്തോടുകൂടി രാജ്യത്തെ തങ്ങളുടെ എല്ലാ അക്കൗണ്ടുകളും സർക്കാർ മരവിപ്പിച്ചെന്നും ഇനിയും ഉപദ്രവം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 40 ലക്ഷത്തോളം പേർ രാജ്യത്ത് തങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 1 ലക്ഷം പേർ സാമ്പത്തികമായും സഹായിക്കുന്നു. ഇതൊന്നും 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഉപദ്രവം തുടരുകയാണ്.
ഇന്ത്യയിലെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് ഇതുവരെ സംഘടന പ്രവർത്തിച്ചതെന്നും തങ്ങൾക്കെതിരായുള്ള കേസുകളില്‍ നിയമപോരാട്ടം തുടരുമെന്നും അവിനാശ് കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.