റിയാദ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 21 ബില്യണ്‍ ഡോളര്‍ ജി 20 സംഭാവന ചെയ്തിട്ടുണ്ടെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യണ്‍ നല്‍കുകയും വികസനം കുറഞ്ഞ രാജ്യങ്ങളുടെ കട ബാധ്യത കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജി 20 ഉച്ചകോടിക്കു മുന്നോടിയായി സെപ്തംബര്‍ ആദ്യ വാരം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് മഹാമാരി പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് അന്ന് ചര്‍ച്ച നടന്നത്.