ന്യൂ ഡല്‍ഹി: മുന്‍ എംപി അജോയ് കുമാര്‍ എഎപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വര്‍ഷമാണ് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.
പാര്‍ട്ടിയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അജോയിയുടെ മടങ്ങിവരവ് ശരിവെച്ച് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയാണ് തിരികെ പാര്‍ട്ടിയിലെത്തുന്നതിന് തനിക്ക് പ്രചോദനമായതെന്ന് അജോയ് കുമാര്‍ പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് അജോയ് കുമാര്‍.
2014 ല്‍ കോണ്‍ഗ്രസിലെത്തി പാര്‍ട്ടിയുടെ വക്താവായ അദ്ദേഹത്തെ 2017 ലാണ് പിസിസി അധ്യക്ഷനായി നിയമിച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ജംഷഡ്പൂര്‍ എംപിയായിരുന്ന അജോയ് കുമാര്‍ പാര്‍ട്ടി വിട്ടത്.