പാട്‌ന: ബീഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജെഡിയുവില്‍ ചേര്‍ന്ന്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പാണ്ഡേ ജെ.ഡി.യുവില്‍ ചേര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ജെ.ഡി.യുവില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും പാണ്ഡേ പറഞ്ഞു-ദി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട്.
ശനിയാഴ്ച അദ്ദേഹം നിതീഷ് കുമാറുമായി പാറ്റ്നയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു പാണ്ഡെയുടെ പ്രതികരണം. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലൂടെ അടുത്തിടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് പാണ്ഡേ.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ അടുത്തിടെയാണ് പാണ്ഡെ സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലാണ് വോട്ടെടുപ്പ്.
നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും. കോവിഡ് മുന്നൊരുക്കങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു.