ദുബൈ: ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റ വൻതോൽവിക്ക് പിന്നാലെ സ്വയം കുറ്റപ്പെടുത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ. മികച്ച ടോട്ടൽ കണ്ടെത്താൻ സാധിക്കാത്തതിലാണ് താരത്തിന്റെ സ്വയം കുറ്റപ്പെടുത്തൽ.
അബുദാബിയിലെ ഷെയ്ഖ് സൈദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു സൺ റൈസേഴ്സിന്റെ തോൽവി. 20 ഓവറിൽ സൺ റൈസേഴ്‌സ് ഉയർത്തിയ 142 റൺസ് രണ്ടു ഓവർ ബാക്കി നിൽക്കെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നത്.
തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. മറ്റാരെയും കുറ്റപ്പെടുത്താനില്ല. ഞാനും ജോണി ബാരിസ്റ്റോയും ഞങ്ങളുടേതായ രീതിയിൽ കളിക്കാനാണ് ശ്രമിച്ചത്. ഞങ്ങൾ കൂടുതൽ ആക്രമിച്ച് കളിക്കണമായിരുന്നു, കൂടുതൽ റിസ്ക് എടുക്കാൻ ശ്രമിക്കണമായിരുന്നു. വളരെ ദയനീയമായിരുന്നു എന്റെ പുറത്താകൽ. ആരെയും കുറ്റപ്പെടുത്താനില്ല – എഎൻഐക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിനിടെ വാർണർ പറഞ്ഞു.
ക്യാപ്റ്റൻ ഡേവിഡ് വാർണർ 36 റൺസാണ് ഹൈദരാബാദിനായി നേടിയത്. 38 പന്തിൽ 51 റൺസെടുത്ത മനീഷ് പാണ്ഡെയുടെ അർധസെഞ്ചുറിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വൃദ്ധിമാൻ സാഹ 30 റൺസ് നേടി.
യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് കൊൽക്കത്തയുടെ വിജയം. തകര്‍ത്തുകളിച്ച ശുഭ്മാന്‍ ഗിൽ 62 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ടു സിക്സുമാണു താരം നേടിയത്. കൊല്‍ക്കത്തയ്ക്കായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.