ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപം കൊണ്ട വ്യാജ അക്കൗണ്ടുകളുടെ ശൃംഖല ഇല്ലാതാക്കിയെന്ന് ഫേസ്ബുക്ക്. റഷ്യയില്‍ നിന്നും ഉടലെടുത്തതാണ് ഈ വ്യാജ അക്കൗണ്ടുകള്‍ എന്നാണ് ഫേസ്ബുക്ക് പറയുന്നത്. നീക്കം ചെയ്യപ്പെട്ടവയില്‍ 2,632 പേജുകള്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഉണ്ട്.
റഷ്യയ്ക്ക് പുറമേ 513 അക്കൌണ്ടുകള്‍ ഇറാനില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1907 എണ്ണമാണ് റഷ്യയുമായി ബന്ധപ്പെട്ടത്. ഈ അക്കൗണ്ടുകള്‍ എല്ലാം തന്നെ വിശ്വസനീയമല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത് എന്നത് നിരന്തര നിരീക്ഷണത്തിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി എന്ന് ഫേസ്ബുക്ക് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
അടുത്തിടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് എന്തെങ്കിലും അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നത് തടയാന്‍ വലിയതോതിലുള്ള പരിഷ്കാരങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നുള്ള നിരവധി അക്കൗണ്ടുകള്‍ കഴിഞ്ഞ ജനുവരിയില്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങൾ സ്വീകരിക്കുന്നത് നിർത്തുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിറക്കിയിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇത്തരം പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കുമെന്നാണ് ചീഫ് എക്സിക്യുട്ടീവ് മാർക്ക് സുക്കർബർഗ് പറഞ്ഞത്. ഇത്തരം പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനാണ് നീക്കം.