സിയൂള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ ഉത്തരകൊറിന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മാപ്പ് പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത അപമാനകരമായ സംഭവമായിരുന്നു അത്- ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിനോട് കിം ജോംഗ് ഉന്‍ ഖേദം പ്രകടിപ്പിച്ചു. മൂണ്‍ ജേ ഇന്നിന് അയച്ച കത്തിലാണ് ഉന്‍ മാപ്പ് പറഞ്ഞതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു- സിഎന്‍എന്‍ ന്യൂസ് റിപ്പോര്‍ട്ട്.
ഉത്തര കൊറിയയുടെ പ്രതിരോധ വിഭാഗമാണ് ഭരണകൂടത്തിന്റെ ഔദ്യോഗികമായ കത്ത് തെക്കന്‍ കൊറിയയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് ഇരുകൊറിയകളേയും വേര്‍തിരിക്കുന്ന കടല്‍ മേഖലയില്‍ ജോലിയെടുത്തിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥന്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. വെടിവെച്ച് കൊന്നശേഷം മൃതദേഹം കത്തിച്ചാണ് വടക്കന്‍ കൊറിയന്‍ പട്ടാളം ക്രൂരത കാട്ടിയത്. സംഭവത്തില്‍ ഉടന്‍ തന്നെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്. സമുദ്രാതിര്‍ത്തി ലംഘിച്ച ഇദ്ദേഹത്തെ ഉത്തര കൊറിയയുടെ നാവിക ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.