മെല്‍ബണ്‍: കോവിഡ് 19 ആഗോള ബാങ്കിംഗ് മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് ഏജന്‍സി. നേരത്തെയുണ്ടായിരുന്ന നിലവാരത്തിലേക്ക് മടങ്ങുകയെന്നത് അടുത്ത മൂന്ന് വർഷക്കാലത്തേക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും എസ് ആന്റ് പി വ്യക്തമാക്കി- എഎന്‍ഐ റിപ്പോര്‍ട്ട്.
ആഗോളതലത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ഉണ്ടായ ആഘാതം നിഷേധാത്മകമാണെന്ന് ക്രെഡിറ്റ് അനലിസ്റ്റ് ഗാവിൻ ഗണ്ണിംഗ് പറഞ്ഞു. പ്രധാന ബാങ്കിംഗ് അധികാര പരിധികളിലെ ധനകാര്യ സ്ഥാപനങ്ങള്‍ വരെ പ്രതിസന്ധിയിലായത് അപകടകരമാണെന്നും ഗണ്ണിംഗ് കൂട്ടിച്ചേര്‍ത്തു. 2023 വരെ ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്നത് പ്രതീക്ഷിച്ചിരുന്നില്ലെന്നും എസ് ആന്റ് പി വിലയിരുത്തി.
2019 ൽ ഏഷ്യ-പസഫിക്കിലെ ഉയർന്ന വരുമാനമുള്ള എല്ലാ രാജ്യങ്ങളിലും വായ്പാ നഷ്ടം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. വർഷങ്ങളോളം നല്ല സാമ്പത്തിക സാഹചര്യങ്ങൾ ഈ പ്രദേശത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡിന്‍റെ ആഘാതം വായ്പാ നഷ്ടത്തിൽ പലമടങ്ങ് വർദ്ധനവിന് കാരണമാകും.
2020-2021കാലയളവില്‍ യുഎസിന്‍റെയും കനേഡിയൻ ബാങ്കിംഗ് സംവിധാനങ്ങളുടെയും വായ്പാ നഷ്ടം കുത്തനെ വർദ്ധിക്കും. യൂറോപ്യൻ ബാങ്കുകളുടെ ചരിത്രത്തില്‍ ആദ്യമായി ക്രെഡിറ്റ് നഷ്ടം ഗണ്യമായി ഉയരും. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ സാമ്പത്തിക വീണ്ടെടുക്കല്‍ ദുഷ്കരമാണെന്നാണ് എസ് ആന്‍റ് പിയുടെ നീരീക്ഷണം.
എന്നാല്‍, 2022 അവസാനത്തോടെ ചൈനീസ് ബാങ്കിംഗ് സംവിധാനത്തിന് പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് തിരിച്ചുവരാമെന്ന് എസ് ആന്റ് പി വ്യക്തമാക്കി.