ബീജിംഗ്: ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്.
വലിയ ആഗോള കുടുംബത്തിലെ അംഗങ്ങളായി കണ്ട് പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ക്കപ്പുറം എല്ലാവരും സഹകരിച്ച് മുന്നോട്ടുപോകണം. ഓരോ രാജ്യത്തിന്റേയും സ്വതന്ത്ര വികസന മാതൃകകളെ മറ്റ് രാജ്യങ്ങള്‍ മാനിക്കണം. ലോകത്തിന്റെ വൈവിധ്യങ്ങളെ മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണം – ഷി ജിന്‍പിങ് പറഞ്ഞു.
കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുളള പരീക്ഷണം ചൈനയില്‍ നടന്നുവരികയാണെന്നും വാക്‌സിന്‍ ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുമെന്നും ജിന്‍പിംഗ് പറഞ്ഞു. അതേസമയം കോവിഡിന് എതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.