ഷാർജ: ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 16 റൺസിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.
മുരളി വിജയ് (21 പന്തിൽ 21), സാം കറൻ (6 പന്തിൽ 17), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), കേദാർ ജാദവ് (16 പന്തിൽ 22), എം.എസ്.ധോണി( 6 പന്തിൽ 3) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.
നേരത്തെ സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്്ടത്തിൽ 216 റൺസെടുത്തത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി സാം കറന്‍ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടി. ദീപക് ചാഹര്‍, എന്‍ഗിഡി, ചൗള എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടുകളികളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയില്‍ മൂന്നാമതാണ്.