ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത് രാഗത്ത്. പായലിന്റെ ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്യുകയും അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പട്ടേൽ കി പഞ്ചാബി ഷാദി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയായ പായൽ ഘോഷ്,കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായൽ ഘോഷ് ആരോപണം ഉന്നയിച്ചത്.
“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയതാണിത്.
ഈ ട്വീറ്റിനെ റീട്വീറ്റ് ചെയ്ത കങ്കണ ബോളിവുഡിൽ പലരും പുതുമുഖങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അനുരാഗ് അത്തരക്കാരനാണെന്നും ട്വീറ്റ് ചെയ്തു. അനുരാഗ് കശ്യപ് തന്റെ എല്ലാ പങ്കാളികളെയും വഞ്ചിച്ചവനാണെന്നും പായലിന് നേരെ അതിക്രമം നടത്താൻ പ്രാപ്തനാണെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നും കുറിച്ചു.