റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 593 കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്. പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‍തത് ജിദ്ദയിലാണ്.
24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4399 ആയി. 1203 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,28,144ലെത്തിയെങ്കിലും അതിൽ 307207 പേരും സുഖം പ്രാപിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.5 ശതമാനമായി ഉയർന്നു. വെറും 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,538 ആയാണ് കുറഞ്ഞത്. ഇതിൽ തന്നെ 1180 പേർ മാത്രമേ ഗുരുതര സ്ഥിതിയിലുള്ളൂ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയി.