സറഗോസ: കൊളംബിയയിലെ ആയുധക്കടത്തും ലഹരികടത്തുമായി ബന്ധപ്പെട്ട സായുധസംഘർഷങ്ങളെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടുകളുടെ പേരിൽ കൊടുംപീഡനങ്ങൾക്കിരയായിട്ടുള്ള മാധ്യമപ്രവർത്തക ജിനെത് ബെഡോയ ലിമയ്ക്ക് വാൻ ഇഫ്ര ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം.
കൊളംബിയയിലെ എൽ ടിയെംപോ പത്രത്തിൽ ഡപ്യൂട്ടി എഡിറ്ററാണ് ജിനെത്. പുരസ്കാരസമർപ്പണച്ചടങ്ങ് വെർച്വലായി നടന്നു. ലൈംഗിക അതിക്രമങ്ങൾക്കു വിധേയരായവർക്കും അതിജീവിച്ചവർക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ സമർപ്പണത്തോടെ തുടരാനുള്ള പ്രചോദനമാണു വാൻ ഇഫ്ര പുരസ്കാരമെന്നു ജിനെത് പറഞ്ഞു. മാധ്യമപ്രവർത്തകരായ എല്ലാ വനിതകൾക്കും നന്ദിയർപ്പിക്കുകയും ചെയ്തു.
ആയുധക്കടത്തുമായി ബന്ധപ്പെട്ട് എൽ എസ്പെക്ടദോർ, എൽ ടിയെംപോ പത്രങ്ങളിൽ പല കാലത്തായി പ്രസിദ്ധീകരിച്ച പ്പോർട്ടുകളാണു ജിനെതിനെ ക്രിമിനൽ സംഘങ്ങളുടെയും റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ (ഫാർക്)യുടെയും നോട്ടപ്പുള്ളിയാക്കിയത്. അധോലോക സംഘങ്ങൾ ജിനെതിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചു.
ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള ‘ഇറ്റ്സ് നോട്ട് ദ് ടൈം ടു ബി സൈലന്റ്’ (നിശ്ശബ്ദത പാലിക്കാനുള്ള സമയമല്ലിത്) എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ട ജിനെത് അറിയപ്പെടുന്ന പ്രഭാഷകയുമാണ്. യുനെസ്കോയുടെ ഗില്ലർമോ കാനോ പ്രസ് ഫ്രീഡം പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികളും ജിനെത് നേടി.