ജെറുസലേം: കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടയിൽ വീണ്ടും രാജ്യവ്യാപക ലോക്ക് ഡൗണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വസന്തകാലത്തെ ദീർഘകാല അടച്ചുപൂട്ടലിനുശേഷം ഇസ്രയേൽ രണ്ടാംഘട്ട ലോക്ക് ഡൗൺ നടപടികൾ കർശനമാക്കുകയാണ്.
വൈറസ് ബാധ നിരക്ക് കുറയ്ക്കുന്നതിനായി സ്കൂളുകളും ചില വ്യവസായിക മേഖലകളും അടച്ചുപൂട്ടിയേക്കുമെന്ന് എപി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ ചൊല്ലി പ്രധാനമന്ത്രി നെതന്യാഹു കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.
സെപ്തംബർ 19 നാണ് ജൂത ഹൈ ഹോളിഡേ സീസണിന്റെ ആരംഭം. അന്നുമുതൽ സ്കൂളുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ, ഹോട്ടലുകൾ തുടങ്ങിയവ അടച്ചുപൂട്ടും. ഇസ്രയേലികളുടെ യാത്രകൾക്കും ഒത്തുചേരലുകൾക്കും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
രണ്ടാംഘട്ട കൊറോണ വൈറസ് രോഗ വ്യാപന വർദ്ധന തടയുകയെന്നതാണ് ലോക്ക് ഡൗൺ ലക്ഷ്യം. ഈ നടപടികൾ ജനങ്ങൾക്ക് ഏവർക്കും ബുദ്ധിമുട്ടുള്ള കാര്യമെന്നറിയാം. ഇത് ശീലിച്ച അവധി ദിവസങ്ങൾ പോലെയല്ല – ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ദേശീയ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യഘട്ട ലോക്ക് ഡൗണിൽ വൈറസ് ബാധിതരുടെ എണ്ണം ഏറെ കുറവായിരുന്നുവെന്നത് ശ്രദ്ധേയമായി. പക്ഷേ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. തൊഴിലില്ലായ്മ തോതാകട്ടെ വർദ്ധിപ്പിച്ചു.
ഇപ്പോഴത്തെ ലോക്ക് ഡൗൺ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നിലനിൽക്കും. ഈ സമയം കോവിഡ് വ്യാപന തോത് കുറയുകയാണെങ്കിൽ ജീവനക്കാർക്ക് ലോക്ക് ഡൗൺ ഇളവ് ലഭിക്കും.
ഈ മാസം അവസാനമാണ് യോം കിപ്പൂരിന്റെ പ്രധാന നോമ്പുവേള. ഇസ്രയേലി കുടുംബങ്ങളുടെ കൂടി ചേരലുകളുടെ വേള. സിനഗോഗുകളിൽ വൻ ജനാവലിയെത്തും. ഇത് പുതിയ വൈറസ് വ്യാപന കാരണമാകുമെന്ന് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നുണ്ട്.
ലോക്ക്ഡൗണിൽ പ്രാർത്ഥനകൾ എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തതയില്ല. ലോക്ക് ഡൗൺ സമയത്തെ പ്രാർത്ഥനയെക്കുറിച്ചുള്ള വിശദാംശങ്ങൾ സർക്കാർ തീരുമാനത്തിൽ ഇനിയുമുൾപ്പെടുത്തിയിട്ടില്ല. എങ്കിലും വിശ്വാസികൾക്ക് കർശനമായ നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് തീവ്ര ഓർത്തഡോക്സ് ജൂത പ്രതിനിധിയും ഇതിനകം രാജി പ്രഖ്യാപനം നടത്തിയ ഇസ്രായേൽ ഭവന മന്ത്രിയുമായ യാക്കോവ് ലിറ്റ്സ്മാനെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു.
ഇസ്രയേലിൽ ഇതുവരെ കൊറോണ വൈറസ് ബാധിതർ 150000. 1100 ലധികം മരണം. ലോക കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡു വ്യാപനം ഇപ്പോൾ അതിരൂക്ഷം. ഇപ്പോൾ പ്രതിദിനം 4000 ത്തിലധികം വൈറസ് കേസുകൾ.
കൊറോണ വൈറസ് പടർന്നതിനെ പ്രതിരോധിക്കാനുള്ള ആദ്യ ഘട്ട നടപടികളിൽ ഇസ്രയേൽ പൊതുവെ പ്രശംസിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുന്നതിന് വേഗത്തിൽ തീരുമാനമെടുത്തു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിൽ ഫലം കണ്ടു. പക്ഷേ ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും വളരെ വേഗം തുറന്നു പ്രവർത്തിയ്ക്കാനാരംഭിച്ചു. ഇത് പക്ഷേ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനാകാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നതാണ് രണ്ടാം ഘട്ട ലോക്ക്ഡൗണിന് കാരണമായത്.
പ്രതിസന്ധി നേരിടുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടുവെന്ന ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങൾ. ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ജറുസലേമിലെ വസതിക്ക് മുമ്പിൽ ഒത്തുകൂടി. വസന്തകാലത്തെ കോവിഡു പ്രതിരോധ പ്രവർത്തങ്ങളിൽ പ്രശംസിക്കപ്പെട്ട നെതന്യാഹു ഇപ്പോൾ അഴിമതി ആരോപണങ്ങളുടെ പ്രതികൂട്ടിലാണ്. അഴിമതി കേസുകളിലും വ്യക്തിപരമായ പ്രതിസന്ധികളിലുമകപ്പെട്ടു പോയ നെതന്യാഹു വേനൽക്കാല കോവിഡു വ്യാപനം ശ്രദ്ധിച്ചില്ലെന്ന ശക്തമായ ആക്ഷേപമാണ് ജനങ്ങൾ ഉയർത്തുന്നത്.