കൊച്ചി : മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പമുയി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് അവസാനിച്ചത്. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ശ്രീ. പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇനി താരത്തിന് ഏത് ടൂർണമെന്റിലും കളിക്കാനാകും.
‘എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും ഇപ്പോള്‍ സ്വതന്ത്രനാണ്. ഇനി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കായിക ഇനത്തെ പ്രതിനിധീകരിക്കാന്‍ പോകുകയാണ്. ഒരു പരിശീലന മത്സരമാണെങ്കില്‍ പോലും എറിയുന്ന ഓരോ പന്തിലും ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കും’- വിലക്ക് അവസാനിക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചതാണിത്.
തനിക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് വിലക്ക് അവസാനിച്ചതിന് ശേഷം ശ്രീശാന്ത് പ്രതികരിച്ചത്. ഫിറ്റ്‌നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ദേശീയ ടീമിലേക്ക് ഒരിക്കൽ കൂടി മടങ്ങിയെത്തുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഫിറ്റ്നസ് തെളിയിച്ച് മടങ്ങിയെത്തുകയാണെങ്കിൽ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 90 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു.