മസ്‌കത്ത്: ഒക്‌ടോബര്‍ ഒന്നിന് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.
ലാപ്‌ടോപ് അടക്കം ഒരു ഹാന്‍ഡ് ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിന്റുകളില്‍ ബാഗേജുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഒന്നു മുതല്‍ ഏഴു ദിവസത്തിനുള്ളിലാണ് ഇതിന്റെ പരിശോധനാ ഫലം ലഭ്യമാവുക. ഇതോടൊപ്പം 14 ദിവസത്തെ ക്വാറൈന്റയിനും നിര്‍ബന്ധമാണ്. ക്വാറന്റൈയിന്‍ കാലയളവിലെ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്റ് ധരിക്കുകയും വേണം.
ഒമാനിലേക്ക് എത്തുന്ന വിദേശ പൗരന്മാര്‍ താമസം എവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് സംബന്ധിച്ച രേഖകള്‍ കാണിക്കുകയും 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറൈന്റെയിനുള്ള പണം നല്‍കുകയും വേണം. വിമാന ജീവനക്കാരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറൈന്റയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. വിദേശനയതന്ത്ര പ്രതിനിധികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറൈന്റയിന്‍ തെരഞ്ഞെടുക്കാവുന്നതാണ്. യാത്രക്കാരുടെ താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളുള്ളവരെ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.