ബെയ്ജിങ്: കോവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് വുഹാനില്‍ ആഭ്യന്തര വ്യോമഗതാഗതം പഴയ നിലയിലായി. വുഹാന്‍ വിമാനത്താവളത്തില്‍ നിന്ന് 500 ആഭ്യന്തര വിമാന സര്‍വീസുകളിലായി 64,700 പേരാണ് വെള്ളിയാഴ്ച യാത്ര ചെയ്തത്.
ഘട്ടംഘട്ടമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി സോള്‍, സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ജക്കാര്‍ത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
വുഹാനിലാണ് ലോകത്ത് കോവിഡ് പൊട്ടിപുറപ്പെട്ടത്. തുടര്‍ന്ന് കര്‍ശന ലോക്ഡൗണ്‍ വുഹാനിൽ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഏപ്രിലിലാണ് ലോക്ഡൗണ്‍ ഇളവുകള്‍ വുഹാനില്‍ പ്രഖ്യാപിച്ചത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.