കൊച്ചി: മലയാളി താരവും വിംഗറുമായ കെ. പ്രശാന്തുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വരുന്ന സീസണിലും ടീമിന്റെ ഭാഗമായിരിക്കും. കഴിഞ്ഞ സീസണിലടക്കം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന താരമായിരുന്നു പ്രശാന്ത്.
കഴിഞ്ഞ സീസണിൽ മഞ്ഞപ്പടയ്ക്കായി 12 മത്സരങ്ങളിൽ കളിച്ച താരം എഫ്.സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
പരിശീലനത്തിനായി ഐ ലീഗ് ചെന്നൈ സിറ്റി എഫ്സിക്ക് കൈമാറുന്നതിന് മുന്‍പായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറില്‍ ഏര്‍പ്പെടുന്നത്.
ഫുട്ബോൾ യാത്രയിൽ ഒരു നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് കരാർ നീട്ടാനുള്ള തീരുമാനത്തിനു ശേഷം പ്രശാന്ത് പ്രതികരിച്ചു.
പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ടയാക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.