ദോഹ: അഫ്ഗാനിസ്ഥാന് സര്‍ക്കാരും താലിബാനും തമ്മിലുള്ള ആദ്യ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ദോഹയിലെത്തി. യോഗം ചരിത്രപരമാണെന്ന് പോംപിയോ വിശേഷിപ്പിച്ചു- അല്‍ ജസീറ റിപ്പോര്‍ട്ട്.
ദോഹയിലെ ഒരു ആഡംബര ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചര്‍ച്ച . അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.
യുഎസിന്റെ പിന്തുണയോടെ നടക്കുന്ന ചര്‍ച്ചകള്‍ നിശ്ചയിച്ചതിലും ആറ് മാസം പിന്നിട്ടതിന് ശേഷമാണ് നടക്കുന്നത്. സമാധാന ചര്‍ച്ചയുടെ ഭാഗമായി ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്ന തടവുകാരുടെ കൈമാറ്റം സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് ചര്‍ച്ച നീളാന്‍ കാരണം.
ആറ് തടവുകാരെ അഫ്ഗാന് സര്‍ക്കാര്‍ വിട്ടയച്ചതോടെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് താലിബാന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. താലിബാനും അഫ്ഗാന് സര്‍ക്കാരിന്റെ പ്രതിനിധികളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയാണിത്. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ താലിബാന് ഇതുവരെ വിസമ്മതിച്ചിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ അമേരിക്കയും അഫ്ഗാന് താലിബാനും അഫ്ഗാനിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി അമേരിക്കയും താലിബാനും തമ്മില്‍ ഈ വര്‍ഷം ആദ്യം കരാര്‍ ഒപ്പുവച്ചിരുന്നു.
യുഎസ്-താലിബാന് കരാര്‍ പ്രകാരം അഫ്ഗാനിലെ സേനയുടെ അംഗബലം 13,000- ത്തില്‍ നിന്ന് 8,600 ആയി യുഎസ് കുറച്ചിരുന്നു. അഞ്ച് സൈനിക താവളങ്ങളും അഫ്ഗാന് ദേശീയ സൈന്യത്തിന് കൈമാറിയിരുന്നു.