തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നതിനെ (ഡീപ് വെയ്ന്‍ ത്രോംബോസിസ്) പ്രതിരോധിക്കുന്നതിനായി ഉപകരണം വികസിപ്പിച്ചെടുത്തു. ജിതിന്‍ കൃഷ്ണന്‍, ബിജു ബെഞ്ചമിന്‍, കോരോത്ത്.പി.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപകരണവുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ച് കഴിഞ്ഞതായും ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍ വ്യക്തമാക്കി.
സാധാരണ കാലുകളിലെ രക്തക്കുഴലുകളിലാണ് ഇതുണ്ടാകുന്നത്. നടക്കുമ്പോള്‍ കാലുകളിലെ പേശികള്‍ സങ്കോചിക്കുകയും കാല്‍ ഞരമ്പുകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്ക് തിരികെ പോവുകയും ചെയ്യുന്നു. ദീര്‍ഘകാലമായി കിടപ്പിലാവുക, ശസ്ത്രക്രിയയ്ക്ക് ശേഷം നടക്കാന്‍ കഴിയാതെ വരുക, കാലുകളുടെ ബലക്ഷയം, പക്ഷാഘാതം, ഗര്‍ഭാവസ്ഥ, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ ഉപയോഗം, ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാതെ ദീര്‍ഘനേരം തുടര്‍ച്ചയായി യാത്ര ചെയ്യുക തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഡീപ് വെയ്ന്‍ ത്രോംബോസിസ് ഉണ്ടാകാം.
വേദന, നീര്, കാലുകളിലെ ചുവപ്പ് നിറം, ചൂട്, ഞരമ്പുകള്‍ പെടച്ച് ത്വക്കിലൂടെ ദൃശ്യമാവുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. കാലുകളിലൂടെ രക്തത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്ന വിധത്തില്‍ തുടര്‍ച്ചയായി ഞരമ്പുകള്‍ സങ്കോചിപ്പിക്കുകയാണ് ഉപകരണം ചെയ്യുന്നത്. ധമനികളെ ബാധിക്കാത്ത തരത്തില്‍ ഉപകരണത്തില്‍ കംപ്രഷന്‍ പ്രെഷര്‍ ക്രമീകരിക്കാന്‍ കഴിയും. കംപ്രഷന്‍ പ്രഷര്‍, ഇലക്‌ട്രോണിക് കണ്‍ട്രോളുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഉപകരണത്തിലുണ്ട്. എല്ലായ്പ്പോഴും സുരക്ഷിതമായ കംപ്രഷന്‍ പ്രഷര്‍ നിലനിര്‍ത്തുന്നതിനായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ സപ്ലൈ ബാക്ക്‌അപ്പാണ് ഉപകരണത്തിന്റെ മറ്റൊരു സവിശേഷത.
ഉപകരണത്തിന്റെ സാങ്കേതികവിദ്യ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍പ്രോഡക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓട്ടോമേഷന്‍ ആന്റ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന സമാനമായ ഉപകരണങ്ങളുടെ വില 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം വരെയാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഉപകരണം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഡോ.ആശാ കിഷോര്‍ പറഞ്ഞു.