ഇസ്‌തംബുൾ: കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) യുടെ പാർലമെന്റ് അംഗത്തെ 10 വർഷം തടവിന് തുർക്കി കോടതി ശിക്ഷിച്ചു. ‘തീവ്രവാദ സംഘടന’ യിൽ അംഗമായിരുന്നുവെന്ന ആരോപണത്തിന് വിധേയായ പാർലമെൻ്റംഗം റെംസിയ ടോസുനനെയാണ് 10 വർഷതടവിന് ശിക്ഷിച്ചത്. അപ്പീൽ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും ജയിൽവാസം.
തെക്കുകിഴക്കൻ തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ ഡിയാർബാകിർ പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ് റെംസിയേ ടോസുൻ. 2016-ൽ ഡിയാർബക്കീർ സുർ ജില്ലയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അംഗങ്ങളെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് 10 വർഷം തടവ് ശിക്ഷ പ്രഖ്യാപിക്കപ്പെട്ടതെന്ന് ടോസുൻ്റെ അഭിഭാഷകൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
തെളിവുകളുടെ പിന്തുണയുള്ളതല്ല വിധി. ഏറ്റുമുട്ടൽ കാലയളവിൽ അവിടെയുണ്ടായിരുന്ന വ്യക്തികളിൽ നിന്ന് ബലപ്രയോഗത്തിലൂടെ ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയുള്ളതാണ് വിധി – അഭിഭാഷകൻ മുഹറം സാഹിൻ പറഞ്ഞു. തോസുൻ താമസിച്ചിരുന്നു മേഖലയിൽ ചികിത്സിക്കാൻ വൈദഗ്ദ്ധ്യമുള്ളവരുണ്ടായിരുന്നില്ലെന്നും സാഹിൻ പറഞ്ഞു.
ടോസുന്റെ ശിക്ഷ അപ്പീൽ കോടതി ശരിവച്ചാൽ കേസ് പാർലമെന്റിൻ്റെ പരിഗണനയിലെത്തും. പാർലമെൻ്റ് അംഗമെന്ന പരിരക്ഷ പാർലമെൻ്റ് തീരുമാനത്തിനു വിധേയമായിരിക്കും തീവ്രവാദ ഗ്രൂപ്പായി കണക്കാക്കപ്പെടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി എച്ച്ഡിപിക്ക് ബന്ധമുണ്ടെന്നാണ് തുർക്കി എർദോഗൻ ഭരണകൂടത്തിൻ്റെ ആരോപണം. 1984 മുതൽ തെക്കുകിഴക്കൻ മേഖല കേന്ദ്രീകരിച്ച് തുർക്കി ഭരണകൂടത്തിനെതിരെ പോരാട്ടത്തിലാണ് കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അഥവ പികെകെ. തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂണിയനും പികെകെയെ തീവ്രവാദ സംഘടനയായാണ് മുദ്രകുത്തുന്നത്.
തുർക്കി പാർലമെന്റിലെ മൂന്നാമത്തെ വലിയ പാർട്ടിയാണ് 56 പ്രതിനിധികളുള്ള എച്ച്ഡിപി. പികെകെയുമായി ബന്ധങ്ങളുണ്ടെന്ന ആരോപണങ്ങൾ എച്ച്ഡിപി നിഷേധിക്കുന്നുണ്ട്. അങ്കാറയും പികെകെയും തമ്മിലുള്ള വെടിനിർത്തൽ 2015 ൽ അവസാനിച്ചു. ഇതേ തുടർന്നാണ് സുർ ജില്ലയുൾപ്പെടെ ഏറ്റുമുട്ടലുകൾ. 2016 ൽ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗനെതിരെയുള്ള അട്ടിമറി പരാജയപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ അംഗങ്ങളെയും വിമർശകരെയും ജയിലിലടച്ച് വിയോജിപ്പ് ഇല്ലാതാക്കാൻ എർദോഗൻ്റെ ഭരണകക്ഷി ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയും സദാ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണത്തിലാണ് പ്രതിപക്ഷം.
എച്ച്ഡിപിയുടെ രണ്ട് നേതാക്കളെയും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാവിനെയും (സിഎച്ച്പി) ജൂണിൽ എർദോഗൻ ഭരണകൂടം ജയിലിലടച്ചിരുന്നു. 2018 ലെ പാർലമെന്റ്
തെരഞ്ഞെടുപ്പിന് മുമ്പ് 11 എച്ച്ഡിപി ഡെപ്യൂട്ടികളുടെ പദവികൾ എർദോഗൻ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. പികെകെയിൽ നിന്ന് തുർക്കി നേരിടുന്ന ഭീഷണികൾ തങ്ങളുടെ നടപടികളെ ന്യായീകരിക്കുവാൻ പോന്നവയെന്ന നിലപാടിലാണ് എർദോഗൻ ഭരണകൂടം.