ഗ്രീസ്: ഗ്രീസിലെ കുപ്രിസിദ്ധ മോറിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ തുടർച്ചയായ അഗ്നിബാധകൾ അന്തേവാസികൾക്ക് ദുരന്തങ്ങളുടെ തീമഴയായി. അഗ്നി ക്യാമ്പിനെ അപ്പാടെ വിഴുങ്ങി. കോവിഡ് – 19 ലോക്ക് ഡൗണിലാണ് ക്യാമ്പ്. ക്യാമ്പിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. കോവിഡും ഒപ്പം അഗ്നിബാധകളും മോറിയ ക്യാമ്പിലെ അഭയാർത്ഥികളെ തീർത്തും നിരാലംമ്പരാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
മോറിയയിലേത് ഗ്രീസിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ്. അഭയാർത്ഥികളാൽ തിങ്ങിനിറഞ്ഞ ക്യാമ്പിൽ അഗ്നിബാധയുണ്ടായത് സെപ്തംബർ ഒമ്പതിന്. ക്യാമ്പിൻ്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നതോടെ ഭയവിഹ്വലരായ അന്തേവാസികൾ ജിവനുംകൊണ്ട് ചിതറിയോടി. അസൗകര്യങ്ങളുടെ ക്യാമ്പ് കത്തിയമർന്നതോടെ ലെസ്ബോസ് ദ്വീപിൽ ചിതറിയോടിയ അന്തേവാസികൾ തല ചായ്ക്കാൻ ഇടമില്ലാത്തവരായി.
ക്യാമ്പിൽ തീ പടർന്ന തിനെത്തുടർന്ന് അഭയാർത്ഥികൾ ക്യാമ്പിൽ നിന്നു പുറത്തു കടന്നുവെങ്കിലും ദ്വീപിന് പുറത്തുപോകാനായില്ല. ലെസ്ബോസിൽ ആയിരക്കണക്കിന് അഭയാർഥികൾ തല ചായ്ച്ചത്
റോഡരികുകളിലും സൂപ്പർമാർക്കറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും ദ്വീപിലുടനീളമുള്ള വയലുകളിലും. 13000 ത്തോളം അന്തേവാസികളുടെ തലചായ്ക്കുവാനുള്ളയിടമാണ് അഗ്നി വിഴുങ്ങിയത്. ടാർ പൊളിൻ കെട്ടിയുണ്ടാക്കിയ താല്കാലിക കൂടാരങ്ങളാണ് അഗ്നിയിലമർന്നുപോയത്.
സെപ്തംബർ ഒമ്പതിന് രാത്രി വീണ്ടും തീ പടർന്നു. അവശേഷിച്ചവ താല്കാലിക കൂടാരങ്ങളും കത്തിയമർന്നു. നിരാലംബ കുടുംബങ്ങൾ ചെറിയ കുട്ടികളുൾപ്പെടെ രാത്രി തുറന്ന സ്ഥലത്ത് ചെലവഴിച്ചു. ദ്വീപിൽ നിന്നു പുറത്തു പോകാനുള്ള പരിശ്രമത്തിലാണ് അഭയാർത്ഥികൾ. പക്ഷേ ദ്വീപിലെ പ്രധാന പട്ടണമായ മൈറ്റിലൈനിൽ അഭയാർത്ഥികളെത്താതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് പൊലിസ്.
അഭയാർത്ഥികൾക്ക് കുടിവെള്ളമില്ല. ഭക്ഷണമില്ല. കൊച്ചുകട്ടികളടക്കമുള്ളവർ വിശുന്നു വലയുന്ന കാഴ്ച. അഭയാർത്ഥികൾക്കിടയിൽ അശാന്തി പടരുകയാണ്. ലെസ്ബോസിൽ നാല് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിക്കുകയാണ്. ആദ്യ ദിന തീപിടുത്തത്തിനിടെ പൊലിസും അഗ്നിശമനാംഗങ്ങളും അഭയാർ
ത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. ഇതേ തുടർന്ന് കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട് ദ്വിപിൽ.
ക്യാമ്പിലെ എല്ലാ അന്തേവാസികൾക്കും അഭയമുറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മൈഗ്രേഷൻ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതിനെതിരെ സ്വദേശികളുടെ കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. മോറിയ ക്യാമ്പ് കൂടതൽ വിപുലപ്പെടുത്താനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിരുന്നു. ഇതിനെതിരെ സ്വദേശികൾ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ആയിരക്കണക്കിന് അഭയാർഥികൾ സ്ഥിരമായി ദ്വീപിൽ അവശേഷിക്കുമെന്നാണ് ലെസ്ബോസ് നിവാസികളുടെ എതിർപ്പിന് ആധാരം.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ മുനിസിപ്പാലിറ്റികൾ ഗുരുതരമായ വീഴ്ചകൾ വരുത്തുന്നതായി നോർത്തേൺ ഈജിയൻ ഗവർണർ കോസ്റ്റാസ് മോട്ട് സോറിസ് കുറ്റപ്പെടുത്തി. അവർക്ക് ഇക്കാര്യത്തിൽ തീരുമാനങ്ങളില്ല. എല്ലാം അന്തരീക്ഷത്തിലാണ് – അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു. ദ്വീപിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസ് സന്ദർശനം നടത്തും. ഇതിനു മുന്നോടിയായി അഭയാർത്ഥികളെ താൽക്കാലികമായി പാർപ്പിയ്ക്കാൻ കപ്പലുകൾ അയച്ചതായി കുടിയേറ്റ മന്ത്രാലയം അറിയിച്ചു.
ക്യാമ്പിലെ അഗ്നിബാധകൾ സൃഷ്ടിച്ച പ്രതിസന്ധികൾ സർക്കാരിന് വൻ തലവേദനയായി മാറിയിട്ടുണ്ടെന്ന് ലെസ്ബോസിൽ നിന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തല ചായ്ക്കാനിടമില്ലാതായ ആയിരക്കണക്കിന് അഭയാർഥികളെ പുനരധിവസിപ്പിക്കുകയെന്നത് സർക്കാരിന് ഒട്ടും എളുപ്പമാകില്ല.
മൂന്നു കപ്പലുകളിൽ അഭയം നൽകുന്നതിനാണ് സർക്കാർ ശ്രമം. പക്ഷേ മോറിയ ക്യാമ്പിൽ നിന്ന് പുറത്തുകടന്ന സർവ്വരെയും പാർപ്പിയ്ക്കാനുള്ള സൗകര്യങ്ങൾ കപ്പലുകളിലുണ്ടാകുകയില്ലെന്ന വസ്തുത ബാക്കിയാകുന്നുണ്ട്. അഭയാർത്ഥികളെ പാർപ്പിയ്ക്കുവാൻ മുനിസിപ്പാലിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നത് സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയാണ്.