ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷനായി നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്‍െ്‌റ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനം നടത്തിയത്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും റാവലിന്‍െ്‌റ കഴിവ് പ്രയോജനപ്പെടുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. വെല്ലുവിളി നിറഞ്ഞതാണെങ്കിലും തനിക്ക് നന്നായി അറിയാവുന്ന മേഖലയായതിനാല്‍ തന്റെ എല്ലാ കഴിവുകളും പരമാവധി വിനിയോഗിക്കുമെന്നും റാവല്‍ പറഞ്ഞു.
നസീബ് നീ ബലിഹാരി എന്ന ഗുജറാത്തി സിനിമയിലൂടെ 1982ലാണ് റാവല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഭഗ്‌വാന്‍ ദാദ, ഖത്രോന്‍ കീ കില്ലാടി, റാം ലഖന്‍, സ്വര്‍ഗ്, കിംഗ് അങ്കിള്‍, മൊറ്‌റ, ചാച്ചി 420, ഹേരാ ഫേരീ, സഞ്ജു, ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വോ ചൊക്രി, സര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1994ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2014 പദ്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചു. 2014ല്‍ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുമാണ് പരേഷ് ലോക്സഭയില്‍ എത്തിയത്.