മെക്സിക്കോ സിറ്റി: കിഴക്കന്‍ മെക്സിക്കോയില്‍ മാധ്യമപ്രവര്ത്തകന് അതിദാരൂണമായ അന്ത്യം. മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്നു പ്രശ്നബാധിത മേഖലയായ കിഴക്കൻ മെക്സിക്കോയിലെ റെയിൽപ്പാളത്തിലാണു മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. തലവെട്ടി മാറ്റിയാണ് ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചത്.
ജൂലിയോ വാൾദിവിയ എന്ന മാധ്യമപ്രവർത്തകനാണു കൊല്ലപ്പെട്ടത്. എൽ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനാണ് ഇദ്ദേഹം. മാധ്യമപ്രവർത്തകർക്കെതിരേ ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ വർഷം മാത്രം ഇതുവരെ അഞ്ചു മാധ്യമപ്രവർത്തകരാണു രാജ്യത്തു കൊല്ലപ്പെട്ടത്.
20 വർഷത്തിനിടെ 100ൽ അധികം മാധ്യമപ്രവർത്തകർ മെക്സിക്കോയില്‍ കൊല്ലപ്പെട്ടതായാണു കണക്ക്. ഇവയിൽ ഭൂരിഭാഗം കേസുകളിലും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. ജൂലിയോയുടെ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി വെരാക്രൂസ് പൊലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായ ഹ്യൂഗോ ഗുട്ടിറസ് അറിയിച്ചു.