എതെന്‍സ്: ഗ്രീസിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ വൻ അഗ്നിബാധ. കോവിഡ് – 19 ലോക്ക് ഡൗണിലാണ് ക്യാമ്പ്. അഗ്നിബാധയെ തുടർന്ന് ക്യാമ്പി ലെ 12000 ലധികം അഭയാർത്ഥികൾക്ക് ഇന്ന് (സെപ്തംബർ 09) ലെസ്ബോസ് ദ്വീപിൽ അഭയം തേടേണ്ടിവന്നു – എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തിങ്ങിനിറഞ്ഞ മോറിയ അഭയാർഥി ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. ക്യാമ്പിൻ്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നതോടെ ഭയവിഹ്വലരായ അന്തേവാസികൾ ചിതറിയോടി. ഇതിനിടെ അഭയാർത്ഥികൾ പൊലിസും അഗ്നിശമന സേനാംഗങ്ങളുമായി ഏറ്റുമുട്ടിയതായും പറയുന്നുണ്ട്. പരിക്കേറ്റതായി പക്ഷേ റിപ്പോർട്ടുകളൊന്നുമില്ല.
2500 വീടുകളാണ് ക്യാമ്പിൽ. ഇവിടെ12500 ൽ അധികം അയാർത്ഥികൾ തിങ്ങിപാർക്കുന്നു. മോറിയ ക്യാമ്പിലെ ദുരിത ജീവിത സാഹചര്യങ്ങളെക്കുറിച്ച് എയ്ഡ് ഏജൻസികൾ വളരെക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഒരു സൊമാലിയൻ അഭയാർത്ഥിക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മോറിയ ക്യാമ്പ് പൂട്ടിയിരിക്കുകയാണ്. പൊതുജനാരോഗ്യ കാരണങ്ങളാൽ സെപ്തംബർ ഒമ്പതു മുതൽ ദ്വീപിൽ നാലുമാസത്തേക്ക് അടിയന്തരാവസ്ഥയാണെന്ന് ഗ്രീസ് സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.
തീപിടുത്തങ്ങൾക്ക് കാരണമെന്തെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് . കൊറോണ വൈറസ് പടരാതിരിക്കാൻ മോറിയയിൽ താമസിച്ചിരുന്നവരെ ദ്വീപ് വിടാൻ അനുവദിക്കില്ലെന്ന് ഗ്രീക്ക് സർക്കാർ വക്താവ് സ്റ്റെലിയോസ് പെറ്റ്സാസ് പറഞ്ഞു.
പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് അടിയന്തര യോഗം വിളിച്ചു. യോഗ തീരുമാനപ്രകാരം ഗ്രീസ് ആഭ്യന്തര- കുടിയേറ്റ മന്ത്രിമാരും രാജ്യത്തെ പൊതുജനാരോഗ്യ സംഘടനയുടെ തലവനും സ്ഥിതിഗതികൾ വിലയിരുത്താൻ ലെസ്ബോസിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.