മുംബെ: ബോളിവുഡ് താരം കങ്കണ റൗത്തിന്റെ അനധികൃത നിര്‍മ്മാണം പൊളിക്കുവാനുള്ള മുംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉത്തരവിനെതിരെ മുംബെ ഹൈകോടതിയുടെ സ്റ്റേ. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കോടതി ബിഎംസിയോട് ആവശ്യപ്പെട്ടു – എഎന്‍ഐ റിപ്പോര്‍ട്ട്.
പാലി ഹില്ലിലെ കങ്കണയുടെ വസതിയോടനുബന്ധിച്ച് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് ബിഎംസി യുടെ കണ്ടെത്തല്‍. ഇതുപ്രകാരം നിർമ്മാണം നിറുത്തിവയ്ക്കണമെന്ന നോട്ടീസ് സെപ്തം എട്ടിന് കങ്കണക്ക് ബിഎംസി നൽകിയിരുന്നു. ഇതിനു മുന്നോടിയായി സെപ്തംബര്‍ ഏഴിന് ബിഎംസി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബിഎംസിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ 14 ലംഘനങ്ങളാണ് ബിഎംസി ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോര്‍ട്ടിലിടം പിടിച്ചിട്ടുള്ളത്.
ഇന്നു ( സെപ്തംബര്‍ 09) രാവിലെയാണ് ബിഎംസിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ബിഎംസി ഉദ്യോഗസ്ഥര്‍ അനധികൃതമായി തന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് കങ്കണയുടെ ഹര്‍ജിയിലെ വാദം. അനധികൃത നിര്‍മ്മാണങ്ങളില്ലെന്നും കോവിഡ് കാലത്ത് പൊളിക്കല്‍ നടപടികള്‍ നിറുത്തിവച്ചിരിക്കുന്നുവെന്ന ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കപ്പെട്ടു.
കങ്കണ കടുത്ത മോദി, ബിജെപി ഭക്തയാണ്. മുംബെയെ പാക്ക് അധിനിവേശ കശ്മീരെന്നുവരെ കങ്കണ വിളിച്ചു. ഇതിന് പ്രതികരണമെന്നോണം ശിവസേന എംപി സജ്ഞയ് റൗട്ട് പറഞ്ഞത് കങ്കണ ഇനി മുംബെയിലേക്ക് വരേണ്ടതില്ലെന്നാണ്. കങ്കണ – ശിവസേന കൊമ്പുകോര്‍ക്കലിന്റെ ഭാഗമായാണ് ശിവസേന നിയന്ത്രിത ബിഎംസിയുടെ പൊളിക്കല്‍ നടപടികളെന്ന് പറയപ്പെടുന്നുണ്ട്.