വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ പ്രസിഡന്റായാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു.
നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാണ്. അവര്‍ക്ക് നന്നായി അറിയാം അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്നും ട്രംപ് ആരോപിച്ചു.
ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് ചൈനയുടെ കൂടി വിജയമായിരിക്കും. ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടെതെന്നും ചൈന ഇപ്പോള്‍ പുറത്തുവിട്ട ‘പ്ലേഗ്’ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും കമലയെ അധിക്ഷേപിക്കുന്ന തരത്തില്‍ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
കമല വൃത്തികെട്ട ആളാണെന്നായിരുന്നു ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും ട്രംപ് വിവിധ അവസരങ്ങളിലായി ആരോപിച്ചു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.