ലിബിയ: ലിബിയയില്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പാര്‍പ്പിച്ചിരിക്കുന്ന തടങ്കല്‍ പാളയങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. തടങ്കല്‍ പാളയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ ഗുട്ടെറസ് അപലപിച്ചു.
ലിബിയന്‍ തടങ്കല്‍ പാളയങ്ങളിലകപ്പെട്ടുപോയ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും അവസ്ഥ ഭയാനകമാണ്. ഇത് ന്യായീകരിക്കാന്‍ കഴിയില്ല – ഗുട്ടെറസ് യുഎന്‍ സുരക്ഷാ സമിതിക്ക് വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി എഎഫ്പി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നിയമപ്രകാരം തടങ്കലില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ലിബിയ ബാധ്യസ്ഥമാണ്. തടങ്കല്‍ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടണം.
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളുമായുള്ള ഏകോപനവും ലിബിയ സാധ്യമാക്കണം – യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലിബിയന്‍ തടങ്കല്‍ പാളയങ്ങളില്‍ ജൂലായ് 31 വരെ 2780 ലധികം തടവുക്കാരുണ്ട്. തടവുകാരില്‍ 22 ശതമാനവും കുട്ടികള്‍.
കുട്ടികളെ ഒരിക്കലും തടങ്കലില്‍ വയ്ക്കരുത്. കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്നതില്‍ ലിബിയന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കുന്നു. 2011 ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫി വധിക്കപ്പെട്ടു തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ് ലിബിയ. രാജ്യത്തിന്റെ പടിഞ്ഞാറ്, കിഴക്ക് കേന്ദ്രീകരിച്ച് യുദ്ധം ചെയ്യുന്നവര്‍ രാജ്യത്തിന്റെ ഭരണത്തിനായുള്ള പോരാട്ടത്തിലാണ്.