മോസ്കോ: റഷ്യൻ പ്രതിപക്ഷ കക്ഷി നേതാവ് അലക്സി നവാൽനിക്കെതിരെ രാസായുധ പ്രയോഗമെന്ന് തിരിച്ചറിയപ്പെട്ടതോടെ ജർമ്മനിയടക്കമുള്ള രാഷ്ട്രങ്ങൾ സമ്പൂർണ്ണ അന്വേഷണം ആവശ്യപ്പെടുകയാണ് – അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
രാസായുധം ഉപയോഗിക്കുന്നത് അതിക്രൂരമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.
വിഷം നൽകുന്നത് തികച്ചും അപലപനീയമാണ്. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ തക്കതായ നടപടി വേണമെന്നാവശ്യം പുടിൻ ഭരണകൂടത്തിനു മുമ്പാകെ വയ്ക്കും. ഇതിനായി സഖ്യകക്ഷികളുമായും അന്താരാഷ്ട്ര സമൂഹവുമായും ചേർന്ന് യുഎസ് ഭരണകൂടം റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തും – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞു.
നാഡിവ്യൂഹ പ്രവർത്തനങ്ങളെ നീർജ്ജീവമാക്കുവാൻ ശേഷിയുള്ള നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റ് 44 കാരനായ നവാൽനിയുടെ ഉള്ളിലെത്തിയെന്നതാണ് പരിശോധനാ ഫലങ്ങളിൽ നിന്ന് വ്യക്തമായത്. സോവിയറ്റ് യൂണിയൻ്റെ കാലഘട്ടത്തിൽ ഉപയോഗിക്കപ്പെട്ടതായി പറയപ്പെടുന്ന രാസായുധമാണത്രെയിത്.
2018 ൽ ഇംഗ്ലണ്ടിൽ വച്ച് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും വിഷം ഉള്ളിൽ ചെന്നിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ നൊവിചോക് കെമിക്കൽ ഏജൻറായിരുന്നു അതെന്ന് ബ്രിട്ടീഷ് അധികൃതർ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ നവാൽനിയുടെ ഉള്ളിൽ കണ്ടെത്തിയതും അതേ രാസവിഷം.
വിഷ ബാധയേറ്റ് ബർലിനിൽ ചികിത്സയിലുള്ള നവാൽനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. അബോധാവസ്ഥയിൽ നിന്ന് മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി. വെന്റിലേറ്ററിൻ്റെ സഹായമില്ലാതെ സ്വഭാവിക അവസ്ഥയിലേക്ക് നവാല്‍നിയെ മാറ്റി കൊണ്ടുവരികയാണെന്ന് ബെർലിനിലെ ചാരിറ്റ് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
നവാൽനി വാക്കുകൾ ഉച്ഛരിയ്ക്കുവാൻ തുടങ്ങുന്നു. മാരകമായ വിഷത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എളുപ്പത്തിൽ കണക്കാക്കുക ശ്രമകരമാണ്. നവാൽനിയുടെ ഭാര്യയുമായി കൂടിയാലോചിച്ചാണ് അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയുടെ വിശദാംശങ്ങൾ പരസ്യമാക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
സൈബീരിയയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് 44 കാരനായ നവാൽനിയുടെ ആരോഗ്യവസ്ഥ പൊടുന്നനെ വഷളായത്. വിമാനം ഓംസ്കിൽ അടിയന്തര ലാൻ്റിങ് നടത്തി. തുടർന്ന് സൈബീരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നവാൽനിയുടെ വക്താവ് കിര യർമിഷ് ട്വിറ്റ് ചെയ്തിരുന്നു.
ആഗസ്ത് 20 ന് പുലർച്ചെ (റഷ്യൻ സമയം) വിമാനത്തിൽ കയറുന്നതിന് മുമ്പ് എയർപോർട്ട് കഫേയിൽ നിന്ന് ചായ കുടിച്ചിരുന്നു. ചായയിൽ നിന്ന് വിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയം നവാൽനിയുടെ വക്താവ് കിര യർമിഷ് എക്കോ മോസ്ക്വി റേഡിയോ സ്റ്റേഷനോട് പറഞ്ഞിരുന്നു. റഷ്യയില്‍ ചികിത്സ നല്‍കിയെങ്കിലും രാജ്യാന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 22 നാണ് വിദഗ്ദ ചികിത്സയ്ക്കായി നവാൽനിയെ ജര്‍മനിയിലേക്ക് മാറ്റിയത്.