മഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ യുക്രൈയ്നിനെ 4-0 ത്തിന് തകര്‍ത്ത് സ്പെയിന്. ഗ്രൂപ്പ് നാലിലെ രണ്ടാം മത്സരത്തിലാണ് സ്പെയിന് മിന്നും ജയത്തോടെ വിജയ വഴിയില്‍ എത്തിയത്. ഈ വിജയത്തോടെ സ്‌പെയിൻ ഒന്നാം സ്ഥാനത്ത് എത്തി.
പെനാല്‍റ്റിയിലൂടെയാണ് സ്‌പാനിഷ് പട ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസാണ് സ്‌പാനിഷ് ടീമിന്റെ മുതല്‍കൂട്ടായത്. മൂന്നാം മിനിറ്റില്‍ തന്നെ ഗോളോടെ തുടങ്ങിയ ക്യാപ്റ്റന്‍ 29ാം മിനിറ്റില്‍ ഹെഡറിലൂടെ മറ്റൊരു ഗോളും നേടി.
32ാം മിനിറ്റിലാണ് 17 കാരന്‍ ഫാത്തി സ്‌പെയിനിന്റെ മൂന്നാം ഗോള്‍ നേടിയത്. ഇതോടെ സ്പെയിന് ടീമിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി ആന്‍സു ഫാത്തി മാറി. 84ാം മിനിറ്റില്‍ ഫെരാന്‍ ടോറസ് പട്ടിക പൂര്‍ത്തിയാക്കി. 20 കാരന്‍ ടോറസിന്റെ സ്‌പാനിഷ് ടീമിനായുള്ള ആദ്യ ഗോളാണിത്.
അതേസമയം, മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ സ്വിറ്റ്സര്‍ലന്‍ഡ് 1-1ന് സമനിലയില്‍ തളച്ചു. ആദ്യ മത്സരത്തിലും ജര്‍മനി സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു.