മലയാള സിനിമയുടെ നിത്യ യൗവനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. 1971ലെ ‘അനുഭവങ്ങൾ പാളിച്ചകളിൽ’ ആരംഭിച്ച്, 2020 ൽ റിലീസ് ചെയ്ത ‘ഷൈലോക്ക്’ വരെ എത്തിനില്‍ക്കുമ്പോള്‍ പകരം വയ്ക്കാനില്ലാത്ത ഈ അഭിനയ പ്രതിഭ ഇന്ത്യന്‍ സിനിമയുടെ അരനൂറ്റാണ്ട് അടിവരയിടുകയാണ്. താരരാജാവിന്‍റെ ജൈത്രയാത്രയില്‍ പുളകിതരായ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ആശംസ പ്രവാഹത്തില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.
അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും അഭിനയത്തിലൂടെ തിളങ്ങിയ വ്യക്തിയാണ് മമ്മൂട്ടി. സജിന്‍ എന്ന പേരിലായിരുന്നു അദ്ദേഹം തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്. തുടര്‍ന്ന് പിജി വിശ്വംഭരന്‍, ഐവി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.
മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയ ഈ നടന വിസ്മയം അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടി. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.
ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പ്രീസ്റ്റ്, വണ്‍ എന്നീ സിനിമകളാണ് ഇനി തിയറ്ററില്‍ എത്താനിരിക്കുന്നത്.