വാഷിംഗ്ടണ്‍: ഫോക്‌സ് നാഷണല്‍ സെക്യൂരിറ്റി കറസ്‌പോന്‍ഡന്റിനെ പിരിച്ചുവിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും ട്രംപ് വിളിച്ചെന്ന വാര്‍ത്ത വാസ്തവം തന്നെയാണെന്ന് ഉറപ്പിച്ചതാണ് ഫോക്‌സ്‌ന്യൂസിന്റെ റിപ്പോര്‍ട്ടാറായ ജെന്നിഫര്‍ ഗ്രിഫിനെതിരെ ട്രംപ് തിരിയാന്‍ കാരണമായത്.
അറ്റ്ലാന്റിക് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിനിടെ ട്രംപ് നാവികസേനാംഗങ്ങളെ അപമാനിച്ചുക്കൊണ്ട് സംസാരിച്ച കാര്യം പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നിഷേധിച്ചുക്കൊണ്ട് ട്രംപും വൈറ്റ് ഹൗസും രംഗത്തെത്തിയിരുന്നു. മോശം കലാവസ്ഥ മൂലമാണ് കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാംഗങ്ങളെ സംസ്‌ക്കരിച്ച ഫ്രാന്‍സിലെ സെമിത്തേരി സന്ദര്‍ശിക്കാതിരുന്നതെന്നായിരുന്നു വിശദീകരണം.
എന്നാല്‍ ഈ വാദമാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ പൊളിച്ചത്. സൈനികരെ കുറിച്ച് ട്രംപ് നടത്തിയ പ്രസ്താവന രണ്ട് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വെളുപ്പെടുത്തിയെന്ന് ജെന്നിഫര്‍ പറഞ്ഞിരുന്നു. യുദ്ധത്തില്‍ മരിച്ച സെനികരെ ആദരിക്കാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥര്‍ തന്നോട് സ്ഥിരീകരിച്ചതായാണ് ജെനിഫര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജെന്നിഫര്‍ ഗ്രിഫിനെതിരെ ട്രംപ് രംഗത്തെത്തിയത്.