കേപ് ടൗണ്‍: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിലെ അഴിമതിക്കും കോവിഡ് ചികിത്സായിടങ്ങളിലെ അരക്ഷിത സാഹചര്യങ്ങൾക്കുമെതിരെ ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലാണ്.
സർജിക്കൽ മാസ്കുകളുൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങളുടെ അപര്യാപ്തത ആരോഗ്യ പ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പ്രിട്ടോറിയയിലും കേപ് ടൗണിലും ഒത്തുകൂടി.
യൂണിയൻ-നാഷണൽ എഡ്യൂക്കേഷൻ, ഹെൽത്ത്, അലൈഡ് വർക്കേഴ്സ് യൂണിയൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾ. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 200000 ആരോഗ്യ പ്രവർത്തകർ സെപ്റ്റംബർ 10 ന് പണിമുടക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പു നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
“ഞങ്ങളുടെ തൊഴിലാളികൾ അണുബാധയെക്കുറിച്ച് വിവരങ്ങൾ ചോദിക്കുമ്പോൾ മാനേജർമാർ അവർക്കെതിരെ കുറ്റങ്ങൾ ചുമത്തുന്നു. ഞങ്ങളുടെ ആവലാതികൾ കേൾക്കുന്നില്ല. എന്നിട്ടും മന്ത്രി എല്ലാ ദിവസവും സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നു”, യൂണിയൻ നേതാവ് സോള സഫെത ആരോപിച്ചു.
കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക റിസ്ക്ക് അലവൻസ് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ആരോഗ്യസംരക്ഷണ പ്രവർത്തകരുടെ വ്യാപക പണിമുടക്ക് ദക്ഷിണാഫ്രിക്കയിലെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. കൊറോണ വൈറസ് പ്രതിരോധ ചികിത്സയിലേർപ്പെട്ടിരിക്കുന്ന ആശുപത്രികളെയായിരിക്കുo ഇതേറെ ബാധിക്കുക.
ദക്ഷിണാഫ്രിക്ക പ്രതിദിനം രണ്ടായിരത്തിലധികം പുതിയ കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടാം ഘട്ട അണുബാധയെക്കുറിച്ച് രാജ്യത്ത് മുന്നറിയിപ്പുമുണ്ട്. 630595 പോസിറ്റീവ് കേസുകൾ ഇതിനകം ദക്ഷിണാഫ്രിക്കയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആഫ്രിക്കയിലെ ഏറ്റവും ഉയർന്നതും ലോകത്തിൽ ആറാമതുമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് 19 മഹാമാരിയിൽ 14300 ൽ അധികം പേർ മരിച്ചു.