ജിദ്ദ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ പുതിയ കേസുകളിലും വ്യാപനതോതിലുമുള്ള കുറവ് പരിഗണിച്ച് നിലവില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ അധികജോലി അവസാനിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന് ബിന്‍ അബ്ദുല്ല അല്‍ ഐബാന് ആരോഗ്യകാര്യ ഡയറക്ടര്‍ ജനറലിനും ഗവര്‍ണറേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാവും. ജോലിസമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ ചുമതലകള്‍ നിര്വഹിക്കേണ്ടതിെന്റ പ്രാധാന്യം സര്‍ക്കുലറില്‍ ഒാര്മിപ്പിച്ചിട്ടുണ്ട്. ഇൗ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ തയാറാക്കണമെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാരെ അടിയന്തരമായി അധികസമയ ജോലിക്ക് നിയോഗിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനെ സംബന്ധിച്ച് ഓവര്‍ടൈം അലവന്‍സ് കമ്മിറ്റിക്ക് പ്രത്യേക അപേക്ഷ അയക്കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സംവിധാനത്തിെന്റ ഭാഗമായി ആരോഗ്യമന്ത്രിയുടെ തീരുമാനപ്രകാരം ജൂണ്‍ ഒന്നിന് രൂപവത്കരിച്ചതാണ് ഈ കമ്മിറ്റി.
കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനായി മാത്രം ആരംഭിച്ച ചില വകുപ്പുകള്‍ രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് നിര്‍ത്തലാക്കുന്നതായി ആരോഗ്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിെന്റ ഭാഗമായി റിയാദ് കിങ് ഖാലിദ് ആശുപത്രിയിലെ മൂന്നു വകുപ്പുകളും അല്‍ഖര്‍ജിലെ അമീര്‍ സുല്‍ത്താന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സര്‍വിസസും അടച്ചുപൂട്ടിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, റിയാദ് കിങ് സല്മാന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന കോവിഡ് രോഗിയും സുഖംപ്രാപിച്ച് മടങ്ങി.
















