ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരത്തെ മൊത്തം വിറപ്പിച്ച ഉഗ്രസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി. 6,500നു മുകളില്‍ പേര്‍ക്കു പരിക്കേറ്റതായി ലബനീസ് സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് നാലിന് വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയില്‍ തീപിടിച്ചതിനു പിന്നാലെയാണു സ്ഫോടനം ഉണ്ടായത്. ഒരു ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമായത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണ് നടന്നത്. 240 കിലോമീറ്റര്‍ അകലത്തുള്ള സൈപ്രസില്‍വരെ ശബ്ദം കേട്ടു. സ്ഫോടന മേഖലയിലെ കെട്ടിടങ്ങളെല്ലാം നിലംപരിശായിരുന്നു.