ന്യൂഡല്‍ഹി: ജെ..ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോവിഡിനെ പറ്റി ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയല്‍ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളില്‍ നടപ്പിലാക്കേണ്ട സുരക്ഷ നടപടി ക്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എ.ടി.എ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭാവിയും പ്രധാനമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണയാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്നതിനായി അവരുടെ യാത്രാ സൗകര്യം പരിഗണിച്ച് ഇഷ്ടാനുസരണം പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയതായും രമേശ് പൊഖ്രിയല്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യന വര്‍ഷം നഷ്ടപെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം 8.58 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഇതുവരെ 7.50 ലക്ഷം പേരാണ് തങ്ങളുടെ ജെ.ഇ.ഇ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. 15.97 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതുവരെ നീറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തു.