തിരുവനന്തപുരം: കെ.എ.എസ്(കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നിൽ 2160 പേർ അടുത്ത ഘട്ടത്തിന് യോഗ്യത നേടി. ഇതിന് പുറമേ രണ്ടാം സ്ട്രീമിലുള്ള 1048 സർക്കാർ ഉദ്യോഗസ്ഥരും യോഗ്യത നേടിയിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സ്ട്രീം 3ന്‍റെ ഫലം പ്രഖ്യാപിച്ചിട്ടില്ല.
നവംബർ 20,21 തീയ്യതികളിലായിരിക്കും ഫൈനൽ പരീക്ഷ. മെയിന്‍ പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. ജനറല്‍സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍.
ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്‌കാരികപൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ന്റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍-2 ലെ പഠനമേഖലകള്‍. ഇക്കോണമി ആന്‍ഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍-3 ന്റെ വിഷയങ്ങള്‍.
ഫലം പ്രഖ്യാപിച്ച പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. സ്ട്രീം 1 ൽ കട്ട് ഓഫ് മാർക്ക് 77 ഉം സ്ട്രീം 2ൽ കട്ട് ഓഫ് മാർക്ക് 60 ഉം ആയാണ് കണക്കാക്കിയത്.