ടെഹ്റാന്‍: യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) തലവന്‍ റാഫേൽ മരിയാനോ ഗ്രോസി ഇറാന്‍ സന്ദര്‍ശിച്ചതായി റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നതാൻസ് ആണവ നിലയത്തിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ആറ്റോമിക് സൈറ്റുകളിലേക്ക് ഇന്‍സ്പെക്ടര്‍മാരുടെ പ്രവേശനം സംബന്ധിച്ച് ഇറാൻ സർക്കാരുമായി നേരിട്ടുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ശന ലക്ഷ്യം.
ആറ്റോമിക് സൈറ്റുകളിലെ സുരക്ഷാ പരിശോധനാ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു കരാറിലെത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം ഗ്രോസി ട്വീറ്റ് ചെയ്തത്. മറ്റ് വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
ഐഎഇഎ തലവനുമായുള്ള സംഭാഷണം ക്രിയാത്മകമായിരുന്നെന്നും ഏജൻസി അതിന്റെ സ്വതന്ത്രമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോള്‍ ഇറാൻ നിയമപരമായ പ്രതിബദ്ധതകൾ നിറവേറ്റുമെന്ന് ധാരണയായതായും ഇറാന്‍റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ തലവന്‍ അലി അക്ബർ സലേഹി പ്രതികരിച്ചു.
“ഇറാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് ആരംഭിക്കുന്നത്. എന്നാല്‍, 2015 ലെ ആണവ കരാര്‍ പ്രകാരമുള്ള പ്രതിജ്ഞാബദ്ധതകൾക്കപ്പുറം അധിക ആവശ്യങ്ങളൊന്നും ഇറാൻ സ്വീകരിക്കില്ല,” സലേഹി കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുമായും ഗ്രോസി കൂടിക്കാഴ്ച നടത്തും. 2019 ഡിസംബറിൽ അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഗ്രോസി ഇറാന്‍ സന്ദര്‍ശിക്കുന്നത്.