ന്യൂ ഡല്‍ഹി: മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റയാൻ ഹാരിസിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ 2020 സീസണിലെ ബൗളിംഗ് പരിശീലകനായി തിരഞ്ഞെടത്തു, ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 ലും 2019 ലും ഡല്‍ഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് പരിശീലകനായിരുന്ന ജെയിംസ് ഹോപ്സിന് വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷം ടീമിനൊപ്പം യാത്ര ചെയ്യാൻ കഴിയില്ല. അതിനാലാണ് റയാൻ ഹാരിസ് കോച്ചായി ചുമതലയേല്‍ക്കുന്നത്. 113 ടെസ്റ്റ് വിക്കറ്റുകളും 44 ഏകദിന വിക്കറ്റുകളും 4 ടി 20 ഐ വിക്കറ്റുകളും ഹാരിസിനുണ്ട്.
കൊറോണ വൈറസ് വ്യാപനം മൂലം മാർച്ചിൽ ആരംഭിക്കാനിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ അബുദാബി, ഷാർജ, ദുബായ് എന്നിങ്ങനെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ 13ാം സീസണ്‍ നടക്കുക.