സ്‌കൂളില്‍ പഠിക്കുമ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് പാരീസ് ഹില്‍ട്ടണ്‍. അമേരിക്കന്‍ മാധ്യമ വ്യക്തിത്വവും ബിസിനസുകാരിയുമായ പാരിസ് ഹില്‍ട്ടണ്‍ അവരുടെ വരാനിരിക്കുന്ന ഡോക്യുമെന്ററിയായ ‘ദിസ് ഈസ് പാരീസിലാണ് തുറന്ന് പറച്ചില്‍ നടത്തിയത്. യൂട്ടയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു – എഎന്‍ഐ റിപ്പോര്‍ട്ട്.
‘ഞാന്‍ ഇത്രയും കാലം എന്റെ സത്യം കുഴിച്ചുമൂടി. പക്ഷേ, എന്നിലെ ശക്തയായ സ്ത്രീയെക്കുറിച്ച് ഓര്‍ത്ത് ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരും കരുതുന്നത് എന്റെ ജീവിതം വളരെ സിംപില്‍ ആണെന്നാണ്. പക്ഷെ പാരീസ് ഹില്‍ട്ടണ്‍ യാഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, 39 കാരിയായ റിയാലിറ്റി സ്റ്റാര്‍ പീപ്പിള്‍ മാഗസിനോട് പറഞ്ഞു. 2003 ലെ ‘ദ സിമ്പിള്‍ ലൈഫ്’ എന്ന പരമ്പരയിലൂടെയാണ് ഹില്‍ട്ടണ്‍ പ്രശസ്തി നേടുന്നത്. ഇതിനു മുന്‍പ് മാതാപിതാക്കളായ റിക്ക്, കാതി ഹില്‍ട്ടണ്‍ എന്നിവരുടെ കൂടെ ന്യൂയോര്‍ക്കിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിലായിരുന്നു പാരീസ് ഹില്‍ട്ടന്റെ താമസം. ഇവരുടെ കൂടെ സഹോദരങ്ങളായ 36 വയസുള്ള നിക്കി, 30 കാരിയായ ബാരണ്‍ 26 കാരിയായ കോണ്‍റാഡ് എന്നിവരും ഉണ്ടായിരുന്നു. എന്റെ പേരന്റ്‌സ് വളരെ കര്‍ക്കശക്കാരായിരുന്നു. അതുകൊണ്ട് തന്നെ ക്ലബ്ബുകളിലും പാര്‍ട്ടികള്‍ക്കും പോകുന്നത് അത്ര എളുപ്പമായിരുന്നില്ല. അവരുടെ ആ പ്രകൃതം എന്നെ ഒരു റിബലാക്കി മാറ്റുകയായിരുന്നു. അവര്‍ എന്നെ ശിക്ഷിക്കും, എന്റെ മൊബൈല്‍ ഫോണ്‍ എടുത്തു മാറ്റും, എന്റെ ക്രെഡിറ്റ് കാര്‍ഡ് എടുത്തുകൊണ്ടുപോകും അങ്ങനെ അങ്ങനെ.. പക്ഷെ ഇത് ഒന്നും എന്നില്‍ വലിയ മാറ്റമുണ്ടാക്കിയില്ല. ഇപ്പോഴും ഒറ്റയ്ക്ക് പുറത്ത് പോകുന്നത് ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഹോട്ടലിലെ പഴയകാല ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് അവര്‍ പറഞ്ഞു.
ഹില്‍ട്ടണിന്റെ അനുസരണക്കേടിനെത്തുടര്‍ന്ന് 1990 കളില്‍ അവരുടെ മാതാപിതാക്കള്‍ അവരെ നിരവധി ബോര്‍ഡിംഗ് സ്‌കൂളുകളിലേക്ക് അയച്ചിരുന്നു. അവസാനമായി പഠിക്കാന്‍ പോയ ബോര്‍ഡിംഗ് സ്‌കൂളാണ് യൂട്ടയുടെ പ്രൊവോ കാന്യോണ്‍ സ്‌കൂള്‍. അവിടെ 11 മാസം ഹില്‍ട്ടണ്‍ താമസിച്ചു. എനിക്ക് അറിയാമായിരുന്നു ഇവിടെ എന്റെ ജീവിതം മറ്റെവിടെത്തേക്കാളും മോശമാകുമെന്ന്. ഇത് ഒരു സ്‌കൂളായിരിക്കണം, പക്ഷേ ക്ലാസുകളില്‍ ഒട്ടും ശ്രദ്ധ ചെലുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാന്‍ ഉറക്കമുണരുന്ന നിമിഷം മുതല്‍ ഉറങ്ങാന്‍ പോകുന്നതുവരെ എന്റെ മുഖം നിലവിളിച്ചുകൊണ്ടേയിരുന്നു. നിരന്തര ശകാരവും പീഡനവും മാത്രമായിരുന്നു ആ കാലത്തെന്ന് പാരീസ് ഹില്‍ട്ടണ്‍ പറഞ്ഞു.
കുട്ടികള്‍ അവിടെനിന്ന് രക്ഷപെടാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുവെന്ന് ആരെങ്കിലും സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങളെ അറിയിച്ചാല്‍ അവര്‍ ‘ദിവസത്തില്‍ 20 മണിക്കൂര്‍’ വരെ വിദ്യാര്‍ത്ഥികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുമെന്നും ഹില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഓരോ ദിവസവും പരിഭ്രാന്തരാകുകയും കരയുകയും ചെയ്തിരുന്നു. ഞാന്‍ വളരെ ദയനീയനായിരുന്നു. പലപ്പോഴും എനിക്ക് ഒരു തടവുകാരിയെപ്പോലെയാണ് തോന്നിയിരുന്നുവെന്നും അവര്‍ പറഞ്ഞു. മൂന്ന് മാസം കൂടുമ്പോ ഒരിക്കല്‍ മാത്രമാണ് എനിക്ക് എന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നത്. ഞങ്ങളെ പുറം ലോകത്തില്‍ നിന്ന് വേര്‍പെടുത്തി. ഞാന്‍ എന്റെ മാതാപിതാക്കളോട് സത്യം പറയുന്നതില്‍ നിന്ന് സ്റ്റാഫ് എന്നെ വിലക്കി. ഭീഷണിപ്പെടുത്തി. അവര്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ഞാന്‍ എഴുതിയ കത്തുകള്‍ കീറികളയുകയും ചെയ്തു. കുട്ടികള്‍ കള്ളം പറയുകയാണെന്ന് സ്റ്റാഫ് മാതാപിതാക്കളോട് പറയും. അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് എന്റെ മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും, ”അവര്‍ പറഞ്ഞു.
1999 ല്‍, 18 വയസ്സ് തികഞ്ഞതിനുശേഷം, ഹില്‍ട്ടണ്‍ ന്യൂയോര്‍ക്കിലേക്ക് മടങ്ങിയെങ്കിലും അവളുടെ അനുഭവത്തെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചു, അതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.’ദിസ് ഈസ് പാരീസ്’ സെപ്റ്റംബര്‍ 14 ന് ഹില്‍ട്ടന്റെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും