കൊച്ചി: ഓണം അടുത്തെത്തിയതോടെ സ്നാപ്ഡീല്‍ വഴിയുള്ള കേരളത്തിലെ വില്‍പനയില്‍ രണ്ടു മടങ്ങ് വര്‍ധനവ്. പരമ്പരാഗത വസ്ത്രങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധിച്ചതെന്ന് സ്നാപ്ഡീലിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത കേരളാ കസവു സാരിയും മുണ്ടും ഏറ്റവും ജനപ്രിയമായവയില്‍ പെടുന്നു. ഇവയ്ക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ വര്‍ധനവാണുണ്ടായത്. കുമ്മാട്ടികളി പ്രിന്റിങിനും കസവ് മാച്ചിങ് മാസ്‌ക്കിനും വന്‍ വില്‍പനയാണുള്ളത്. പരമ്പരാഗത കമ്മല്‍, ബെല്‍റ്റ്, ആങ്ക്ലെറ്റുകള്‍ തുടങ്ങിയവയും സംസ്ഥാനത്ത് ഏറെ ആകര്‍ഷണമായവയില്‍ പെടുന്നു. ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനു ശേഷം അലങ്കാര വസ്തുക്കളുടെ ആവശ്യത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
പൂക്കള ഡിസൈന്‍ പുസ്തകങ്ങള്‍ സംബന്ധിച്ച തെരച്ചിലിലും വര്‍ധനവുണ്ട്. ഓണസദ്യയ്ക്കായുള്ള പാത്രങ്ങളും ഗൃഹോപകരണങ്ങള്‍, ഉപ്പേരി, ശര്‍ക്കര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടുതലായി വില്‍ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനു കൂടുതലായി താല്‍പ്പര്യപ്പെടുകയാണെന്ന് ഇതേക്കുറിച്ച് സ്നാപ്ഡീല്‍ വക്താവു പ്രതികരിച്ചു. മൂല്യമുള്ള എല്ലാ വസ്തുക്കളും ഒരിടത്തു തന്നെ ലഭ്യമാക്കുകയണു തങ്ങളെന്നും സ്നാപ്ഡീല്‍ വക്താവു ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ കൂടുതലും എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്. ഇവരില്‍ അധികവും സംസ്ഥനത്തെ ചെറുകിട ബിസിനസുകാരും നിലവിലെ ചെറുകിട കച്ചവടക്കാരുമാണ്. ചെറുപട്ടണങ്ങള്‍ അടക്കം സംസ്ഥാനത്തെ 1979 പിന്‍കോഡുകളിലാണ് സ്നാപ്ഡീല്‍ വിതരണം നടത്തുന്നത്.