വാഷിങ്ടണ്‍: കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി രാജ്യം അടച്ചിടേണ്ടി വന്നാല്‍ അതിനും തയ്യാറാകുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. രാജ്യം സുരക്ഷിതമായി നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.
എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.
‘ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പരമപ്രധാനം. അതിനായി വേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാം ചെയ്യും. കോവിഡ് മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. രാജ്യം അടച്ചുപൂട്ടാനാണ് ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ ഞാന്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും’ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയൊരു ഗുരുതര സാഹചര്യത്തില്‍ പോലും സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയും ആളുകള്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനേയും പ്രോത്സാഹിപ്പിക്കുകയാണ്. യുഎസില്‍ 5.5 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. 1,75,000 ല്‍ അധികം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസില്‍ 45,273 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1123 പേരാണ് മരണപ്പെട്ടത്. അതേസമയം ജൂലൈ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു.എസിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്ഥാവനകളായിരുന്നു തുടക്കം മുതല്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്.
കൂടുതല്‍ പരിശോധന നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ടെസ്റ്റിങ് നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണത്തിലും വലിയ വ്യത്യാസം കാണിക്കുന്നതെന്നും പരിശോധനയുടെ എണ്ണം കുറയുമ്പോള്‍ രോഗികളുടെ എണ്ണവും കുറയുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.