ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ സപ്തംബറില്‍ തന്നെ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ജെഇഇ പരീക്ഷകൾ അടുത്ത മാസം ഒന്നു മുതൽ ആറ് വരെ തന്നെ നടത്തും. വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ നൽകി തുടങ്ങിയെന്ന് എൻടിഎ അറിയിച്ചു. നീറ്റ് പരീക്ഷ അടുത്ത മാസം 13ന് നടക്കും. ഇതിനുള്ള അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാക്കുമെന്നും ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കോവിഡ് മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഇതുവരെ തീരുമാനം ഇല്ലെന്നും പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമെന്നും എൻ ടി എ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള പരീക്ഷകളുടെ പുതുക്കിയ തീയ്യതിയും ദേശീയ ടെസ്റ്റിംഗ് ഏജൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെയ് – ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16നാണ് ആരംഭിക്കുക. 16 മുതൽ 18വരെയും 21 മുതൽ 25 വരെയുമാകും നെറ്റ് പരീക്ഷ നടക്കുക.