റഷ്യ: വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ നവാല്‍നിക്ക് വിഷബാധയേറ്റതില്‍ ദുരൂഹതയേറുകയാണ്. ചായയില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന സംശയമാണ് ശക്തിപ്പെടുന്നത്.
സംഭവത്തില്‍ ലോകനേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നത് തുടരുകയാണ്. സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് 44 കാരനായ നവാല്‍നിയുടെ ആരോഗ്യവസ്ഥ പൊടുന്നനെ വഷളായത്. വിമാനം ഓംസ്‌കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. തുടര്‍ന്ന് സൈബീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു.
ആഗസ്ത് വ്യാഴാഴ്ച പുലര്‍ച്ചെ (റഷ്യന്‍ സമയം ) വിമാനത്തില്‍ കയറുന്നതിന് മുമ്പ് എയര്‍പോര്‍ട്ട് കഫേയില്‍ നിന്ന് ചായ കുടിച്ചിരുന്നു. ആ ചായയില്‍ നിന്ന വിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയമാണ് നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് എക്കോ മോസ്‌ക്വി റേഡിയോ സ്റ്റേഷനോട് പറഞ്ഞത്. ഈ സംശയം ഇപ്പോള്‍ ശക്തിപ്പെടുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ രാഷ്ട്രിയ പ്രതിയോഗിയാണ് നവാല്‍നി. നവാല്‍നിക്ക് വിഷബാധയേറ്റതിനു പിന്നില്‍ പുടിന്‍ സംഘത്തിന് പങ്കുണ്ടെന്ന ശക്തമായ ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
വിദ്ഗ്ദ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നവാല്‍നിയുടെ സംഘടന ശ്രമിച്ചുകൊണ്ടിരുക്കുകയാണ്. ഒരു ജര്‍മ്മന്‍ സംഘം അദ്ദേഹത്തിനായി വിമാനം അയയ്ക്കാന്‍ തയ്യാറാണെന്നും ബെര്‍ലിനിലെ ഒരു പ്രശസ്ത ആശുപത്രി അദ്ദേഹത്തിന് ചികിത്സ നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു. നവാല്‍നിക്ക് വിഷബാധയേറ്റതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് റഷ്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തകര്‍ നവാല്‍നിയെ പിന്തുണച്ച് പ്രതിഷേധ പ്രകടനം നടത്തി. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി. നിരവധി പ്രക്ഷോഭകരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലും തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിലും പൊതുജനങ്ങള്‍ നിരാശയിലാണ്. പുടിന്റെ ജനസന്മതി റേറ്റിംഗ് റെക്കോര്‍ഡ് 60 ശതമാനമായി കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ നവാല്‍നി കൂടുതല്‍ ശക്തനായി തീരുന്നുവെന്ന ആശങ്കയിലാണ് ക്രെംലിന്‍. ഇവിടെയാണ് നവാല്‍നിയെ വിഷം കൊടുത്ത് അപകടപ്പെടുത്താന്‍ പുടിന്‍ സംഘം ശ്രമിച്ചുവെന്ന ആക്ഷേപങ്ങള്‍ക്ക് മൂര്‍ച്ഛയേറുന്നത്. 2021 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രെംലിന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വോട്ടര്‍മാരെ അണിനിരത്താനുള്ള നവാല്‍നിയുടെ കഴിവ് വെല്ലുവിളിയാണെന്ന് മുന്‍ ക്രെംലിന്‍ രാഷ്ട്രീയ-വിശകലന വിദഗ്ധന്‍ അബ്ബാസ് ഗാലിയാമോവ് പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും ഐക്യരാഷ്ട്രസഭയും നവാല്‍നിക്ക് എന്ത് സംഭവിച്ചുവെന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മക്രോണി, ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ആഞ്ചലേ തുടങ്ങിയവരും ആശങ്ക രേഖപ്പെടുത്തി. സമ്പൂര്‍ണ്ണവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
റഷ്യയ്ക്കുള്ളിലെ നവാല്‍നിയുടെ ശത്രുക്കള്‍ ഒരു പുതിയ തന്ത്രം ഉപയോഗിക്കാനുള്ള സമയമായിരിക്കുന്നുവെന്ന് തീരുമാനിച്ചിട്ടുണ്ടായിരിക്കുമെന്ന് 2006 ല്‍ ലണ്ടനില്‍ റേഡിയോ ആക്ടീവ് വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ട റഷ്യന്‍ ഏജന്റായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ വിധവ പറഞ്ഞു. ഒരു അറസ്റ്റോടെ നവാല്‍നിയെ തടയുക എളുപ്പമല്ല. വിഷം ഉപയോഗിച്ച് തടയുക. ഈ പുതിയ തന്ത്രമാണ് വിനിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു – മറീന ലിറ്റ്വിനെങ്കോ ഇറ്റല സിസിലിയില്‍ നിന്നുള്ള അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു