ജനീവ: ഇറാനുമേല്‍ യു എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക. 2015ലെ ആണവകരാര്‍ ഇറാന്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് യു.എന്‍ രക്ഷാസമിതിക്ക് കത്ത് നല്‍കി. ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടാനുള്ള യു എസ് പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെയാണ് യുഎന്‍ രക്ഷാസമിതിക്ക് അമേരിക്കയുടെ കത്ത്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് പോംപെയോ കത്ത് കൈമാറിയത്. എന്നാല്‍ അമേരിക്കയുടേത് അപകടരമായ നീക്കമെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ യുഎസിനു കഴിഞ്ഞിരുന്നില്ല. ഫ്രാന്‍സും ജര്‍മനിയും യുകെയും ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രതികൂല നിലപാട് എടുത്തിരുന്നു.ഇത് യുഎസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിക്കുകയും ചെയ്തു. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും.
ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. എന്നാല്‍, കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്ക്ക് ഈ വകുപ്പ് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. ആണവ കരാര്‍ ഇറാന്‍ ലംഘിക്കുന്നതായി കണ്ടാല്‍ കരാറില്‍ ഉള്‍പ്പെട്ട ഏത് വന്‍ശക്തിക്കും ഉപരോധം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നതിന് അനുവാദം നല്‍കുന്ന ‘സ്നാപ്ബാക്’ വകുപ്പ് ഉപയോഗിച്ചാണ് യു എസ് നീക്കം. കരാറില്‍ തുടരുന്ന അംഗങ്ങളുടെ അവകാശമാണ് ഈ വകുപ്പ്. അമേരിക്കയിലെ കടുത്ത ഇറാന്‍ വിരുദ്ധരില്‍ ചില പ്രമുഖരും ട്രംപ് സര്‍ക്കാര്‍ ഈ അവകാശം നഷ്ടപ്പെടുത്തിയതായി കുറ്റപ്പെടുത്തുന്നുണ്ട്.
ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങി മധ്യപൂര്‍വേഷ്യയിലെ ഇറാന്റെ സ്വാധീനം വരെയുള്ള കാരണങ്ങള്‍ നിരത്തിയാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന നിലപാടാണ് ഇറാന്റേത്. ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തിന് എണ്ണ വിറ്റുവരവില്‍നിന്നുള്ള വരുമാനം ഇല്ലാതാക്കാനാണ് യുഎസിന്റെ നീക്കം.