റഷ്യ: കോവിഡ് വാക്സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്‍ ഫലപ്രദമാണെന്ന് അവകാശപെടുന്ന റഷ്യ ആദ്യമായാണ് 40,000 പേരില്‍ മരുന്നു ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്സിന്‍ എത്ര പേരില്‍ പരീക്ഷിച്ചുവെന്ന വിവരങ്ങള്‍ ലഭ്യമല്ലെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. സ്പുട്നിക്ക് -5 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍ എന്ന പേരിലാണ് അവതരിപ്പിച്ചത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപെടുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ പറയുന്നതെങ്കിലും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമായിട്ടുണ്ട്. വാക്സിന്റെ രജിസ്ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.