തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്.
നിലവിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ തൽകാലം ഇതേ രീതിയിൽ തുടരും. ഇതുവരെയുള്ള ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഗുണവും ദേഷവും വിലയിരുത്താനും സ്കൂൾ തുറക്കുമ്പോൾ പഠനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ഇആർടി ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി. സ്കൂൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനത്തും തീരുമാനം എടുക്കുക.
പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാല്‍ അത് വലിയ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്ബോള്‍ കുട്ടികള്‍ക്ക് പഠനത്തില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടര്‍ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്‌നത്തിന് കാരണമാകും.
ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും തടസങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ പരമാവധി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കൂടുതല്‍ ക്ലാസുകള്‍ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നല്‍കുന്നതിനെക്കുറിച്ചും വല്‍ക്ക്ഷീറ്റുകള്‍ അടക്കമുള്ളവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചയാണ് ഇന്നത്തെ യോഗത്തിലുണ്ടായത്.
നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ എന്നു തുറക്കുമെന്നു പറയാന്‍ കഴിയില്ല. ഇക്കുറി വാര്‍ഷിക പരീക്ഷമാത്രമായിരിക്കും ഉണ്ടാകാന്‍ സാധ്യത.
വ്യാഴാഴ്ച മുതല്‍ യോഗാ, ഡ്രില്‍ എന്നിവയും ഓണ്‍ലൈനായി നടത്തും. ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ അവസരം ലഭിക്കാത്ത കുട്ടികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ അടിയന്തരമായി ഉണ്ടാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ അറിയിച്ചു.